തൃശൂരിൽ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തായേക്കാമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. വടകരയിൽ നിന്ന് മണ്ഡലം മാറിവന്ന കെ.മുരളീധരൻ തൃശൂരിൻ്റെ എംപിയാകുമെന്നാണ് പ്രവചനം. എൽഡിഎഫിലെ വി.എസ്.സുനിൽകുമാർ പ്രചാരണത്തിൻ്റെ ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ ഉണർത്തിയെങ്കിലും യു.ഡി.എഫിന് പിന്നിലാകുമെന്ന് എക്സിറ്റ് പോൾ വ്യക്തമാക്കുന്നു.
എക്സിറ്റ് പോളിൽ പങ്കെടുത്ത 37.53 ശതമാനം പേർ യു.ഡി.എഫിന് വോട്ട് ചെയ്തു. 30.72 പേർ സിപിഐയ്ക്കൊപ്പം നിന്നു. 29.55 ശതമാനം പേരാണ് സുരേഷ് ഗോപിക്ക് വോട്ട് ചെയ്തത്. യു.ഡി.എഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 6.81 ശതമാനം. എൽഡിഎഫും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം 1.17 ശതമാനവും.
യു.ഡി.എഫ് വോട്ടിൽ 2.3 ശതമാനത്തിൻ്റെയും എൽഡിഎഫ് വോട്ടിൽ 0.12 ശതമാനത്തിൻ്റെ കുറവ് പ്രവചിക്കുമ്പോൾ ബിജെപി വോട്ടിൽ 1.36 ശതമാനത്തിൻ്റെ വർധന രേഖപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 39.83 ശതമാനമായിരുന്നു യുഡിഎഫിൻ്റെ വോട്ട്. എൽഡിഎഫ് 30.85 ശതമാനവും സുരേഷ് ഗോപി 28.19 ശതമാനവും വോട്ട് പിടിച്ചു.
2019ൽ 93,633 വോട്ടിൻ്റെ മികച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ ടി.എൻ.പ്രതാപൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി ആദ്യം പ്രതാപനെ മൽസരിപ്പിക്കാൻ തീരുമാനിച്ചെങ്കിലും കെ.മുരളീധരൻ്റെ മണ്ഡലം മാറ്റത്തോടെ പാർട്ടി തീരുമാനം മാറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതാപൻ 4,15,089 വോട്ടും സിപിഐയിലെ രാജാജി മാത്യു തോമസ് 3,21,456 വോട്ടും സുരേഷ് ഗോപി 2,93,822 വോട്ടും നേടിയിരുന്നു.