വടകരയിൽ എൽഡിഎഫിന് നേരിയ മുൻതൂക്കമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. സിറ്റിങ് സീറ്റിൽ സ്ഥാനാർഥി മാറിവന്നപ്പോൾ യുഡിഎഫിൻ്റെ വോട്ട് വിഹിതം 10 ശതമാനത്തോളം ഇടിഞ്ഞു. അത്രതന്നെ വോട്ട് ബി.ജെ.പിക്ക് പോകുകയും ചെയ്തതോടെ എക്സിറ്റ് പോളിൽ ഇടതുമുന്നണി മുന്നിലെത്തി. എംഎൽഎമാരുടെ പോരാട്ടത്തിൽ കെ.കെ.ശൈലജയ്ക്ക് ഷാഫി പറമ്പിലിനേക്കാൾ വോട്ട് കിട്ടുമെന്നാണ് പ്രവചനം. എൽഡിഎഫിന് വോട്ട് കൂടിയില്ല. യു.ഡി.എഫിന് വൻതോതിൽ കുറഞ്ഞു. അപ്പോൾ പ്രചാരണവിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ നേട്ടമായത് ആർക്കെന്നും ഇരുമുന്നണികളും വിലയിരുത്തേണ്ടിവരും.
എക്സിറ്റ് പോളിൽ പങ്കെടുത്ത 41.56 ശതമാനം പേർ എൽഡിഎഫിന് വോട്ട് ചെയ്തു. യു.ഡി.എഫ് വോട്ട് ഷെയർ 39.65 ശതമാനമായി കുറഞ്ഞു. ബിജെപി വോട്ട് 17 ശതമാനത്തിന് മുകളിലെത്തി. ഇടതുമുന്നണിയും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം 1.91 ശതമാനം മാത്രം.
ബിജെപി വോട്ടിൽ വന്ന കുതിപ്പാണ് വടകര ഫലത്തിലെ നിർണായക ഘടകം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7.52 ശതമാനം മാത്രമുണ്ടായിരുന്ന ബിജെപി വിഹിതം എക്സിറ്റ് പോളിൽ 17.69 ആയി. 10.18 ശതമാനത്തിൻ്റെ വർധന. യു.ഡി.എഫിന് പോയത് 9.76 ശതമാനം വോട്ട്. എൽഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടിയത് 0.09 ശതമാനം മാത്രം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.മുരളീധരനും പി.ജയരാജനും ഏറ്റുമുട്ടിയപ്പോൾ യുഡിഎഫിന് 7.97 ശതമാനത്തിൻ്റെ വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. മുരളീധരൻ 5,26,755 വോട്ടും പി.ജയരാജൻ 4,42,092 വോട്ടും നേടി. മുരളിയുടെ ഭൂരിപക്ഷം 84,663 വോട്ട്. ബി.ജെ.പിയിലെ വി.കെ.സജീവന് ലഭിച്ചത് 80,128 വോട്ട്. ആകെ വോട്ടിൻ്റെ 49.43 ശതമാനം യു.ഡി.എഫും 41.49 ശതമാനം എൽഡിഎഫും 7.52 ശതമാനം ബി.ജെ.പിയും നേടി.