കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തുടരുമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. 11 ശതമാനത്തിനടുത്ത് വോട്ടിൻ്റെ വ്യത്യാസത്തിൽ പ്രേമചന്ദ്രൻ ഹാട്രിക് നേടുമെന്നാണ് പ്രവചനം. കൊല്ലം എം.എൽ.എ എം.മുകേഷും സിനിമാതാരം ജി.കൃഷ്ണകുമാറും ഉൾപ്പെട്ട ശക്തമായ ത്രികോണ മൽസരം നടന്നിട്ടും കൊല്ലം പ്രേമചന്ദ്രനൊപ്പം ഉറച്ചാണ്. എക്സിറ്റ് പോളിൽ പങ്കെടുത്ത 45.33 ശതമാനം പേർ പ്രേമചന്ദ്രന് വോട്ട് ചെയ്തു. 34.42 ശതമാനം മുകേഷിനൊപ്പമാണ്. ബി.ജെ.പിക്ക് 18.03 ശതമാനം വോട്ടും ലഭിച്ചു.
10.91 ശതമാനമാണ് വോട്ട് ഷെയറിൽ യു.ഡി.എഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ് വോട്ടിൽ 6.32 ശതമാനം ഇടിവുണ്ടായപ്പോൾ ബിജെപി വോട്ട് 7.37 ശതമാനം കൂടി. എൽഡിഎഫ് വോട്ടിൽ 1.78 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2019ൽ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ 1,48,856 വോട്ടിനാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. പ്രേമചന്ദ്രന് 4,99,677 വോട്ടും ബാലഗോപാലിന് 3,50,821 വോട്ടും ബി.ജെ.പിയിലെ കെ.വി.സാബുവിന് 1,03,339 വോട്ടും ലഭിച്ചു.
ജയിച്ചാൽ അഞ്ചാംതവണയാകും എൻ.കെ.പ്രേമചന്ദ്രൻ ലോക്സഭയിലെത്തുന്നത്. ഇത്തവണത്തേത് തുടർച്ചായ മൂന്നാം വിജയവും. നേരത്തേ 11,12,16,17 ലോക്സഭകളിൽ അദ്ദേഹം അംഗമായിരുന്നു. മികച്ച പാർലമെൻ്റേറിയനെന്ന പേരെടുത്ത പ്രേമചന്ദ്രന് രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് തുണയായത്.