സിനിമയെ ഗൗരവമായി കണ്ട് തുടങ്ങിയത് സുരരൈ പോട്രിന് ശേഷമെന്ന് ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി. സ്ത്രീകളുടെ പ്രതിഫലം ഉയര്‍ത്തണണെന്ന് പറയുന്നത് പണത്തിനോടുള്ള ആര്‍ത്തിയല്ല മറിച്ച് നിസ്സഹായവസ്ഥ കൊണ്ടാണെന്നും അപര്‍ണ. നഞ്ചിയമ്മ എന്തുകൊണ്ടും പുരസ്കാരത്തിന് അര്‍ഹയാണെന്നു് മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ അപര്‍ണ.

 

അപര്‍ണയുടെ വാക്കുകള്‍: നല്ല ആര്‍ടിസ്റ്റ് ആകണമെന്ന് തോന്നിയത് സുരരൈ പോട്രിന് ശേഷം. അവര്‍ തന്ന പരിശീലനമാകാം അത്. ഏറ്റവും സന്തോഷം ബിജു മേനോനുമായി തങ്കം എന്ന സിനിമ ഇപ്പോള്‍ ചെയ്യുന്നു എന്നതാണ്. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഞാന്‍ സുരരൈപോട്രിലെ ബൊമ്മിയുടെ അത്ര ബേള്‍ഡല്ല. ഒറ്റമകളാണ്. അതിന്‍റേതായ പ്രശ്നങ്ങളുണ്ട്. ഇപ്പോള്‍ പക്ഷേ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്‍റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ഇപ്പോള്‍ അവസരം കിട്ടുന്നുണ്ട്. ഉത്തരവാദിതത്തോടെ വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നു. മഹേഷിന്റെ പ്രതികാരം ജീവിതത്തിലെ വഴിത്തിരിവാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ആദ്യമൊക്കെ ദിലീഷേട്ടനെ വിളിക്കുമായിരുന്നു. പിന്നീട് തനിയെ തീരുമാനങ്ങളെടുത്തു. പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടാകാം. അങ്ങനെയാണ് സുരരൈ പോട്രിലെത്തുന്നത്. സ്ത്രീകളുടെ പ്രതിഫലത്തെക്കുറിച്ച് പലപ്പോഴും ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. എന്‍റെ കൂടെ തന്നെ സിനിമയിലെത്തിയ പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നു. അത് ശരിയല്ല. പണത്തിനോടുള്ള ആര്‍ത്തിയല്ല മറിച്ച് നിസ്സഹായവസ്ഥയാണ് വെളിവാക്കുന്നത്. സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയ കാലമാണിത്. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വളരെ നല്ല രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു. അത് സമൂഹത്തിലെയും സിനിമാ വ്യവസായത്തിലെയും വലിയ മാറ്റമാണ്. നഞ്ചിയമ്മ എന്തുകൊണ്ടും പുരസ്കാരത്തിന് അര്‍ഹ. ഒരാളുടെ സന്തോഷത്തെ തല്ലിക്കെടുത്താന്‍ പത്തിലൊരാള്‍ക്ക് സാധിക്കും. അവര്‍ക്ക് ഒരു പുരസ്കാരം കിട്ടുന്നതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. അത്രമാത്രം വേറിട്ട ഗാനമാണ് അത്. ആ പാട്ട് എനിക്കൊരിക്കലും പാടാന്‍ സാധിക്കുന്നില്ല. അപര്‍ണ പറയുന്നു.