കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ കണ്ടതിനേക്കാള്‍ വീറുംവാശിയും പാലക്കാട്ട് ഇക്കുറിയും ആവര്‍ത്തിക്കുമെന്ന് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ട് വിഹിതത്തില്‍ അന്തരമില്ല. എല്‍ഡിഎഫിന്റെ വോട്ട് 2.38 ശതമാനം വര്‍ധിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് വോട്ടില്‍ 1.7 ശതമാനമാണ് വര്‍ധന. എന്നാല്‍ എന്‍ഡിഎ വോട്ടില്‍ 5.34 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

 

കഴിഞ്ഞതവണ മല്‍സരിച്ച ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ തന്നെയാണ് ഇക്കുറിയും പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി. സിറ്റിങ് എംപി വി.കെ.ശ്രീകണ്ഠന്‍ യുഡിഎഫിനുവേണ്ടി വീണ്ടും ജനവിധി തേടുമ്പോള്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനാണ് എല്‍ഡിഎഫിന്റെ തേരാളി. തുടര്‍ച്ചയായ ആറ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചശേഷമാണ് ഇടതുമുന്നണി പാലക്കാട്ട് 2019ല്‍ പരാജയം വഴങ്ങിയത്. ആദ്യമായി ലോക്സഭയിലേക്ക് മല്‍സരിച്ച വി.കെ.ശ്രീകണ്ഠന്‍ 1,637 വോട്ടിന് ഇപ്പോഴത്തെ സംസ്ഥാനമന്ത്രി എം.ബി.രാജേഷിനെ പരാജയപ്പെടുത്തി. ഈ തോല്‍വിയാണ് പിന്നീട് എംബി രാജേഷിന് നിയമസഭയിലേക്കും മന്ത്രിസഭയിലേക്കും വഴിതുറന്നത്.

 

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

 

Tough fight between UDF and LDF in Palakkad Loksabha constituency, says Manorama News-VMR Pre-poll Survey. BJP may lose ground.