പുതുപ്പള്ളി ഫലത്തിൽ ഞെട്ടിത്തരിച്ച് സി.പി.എം. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച നേതൃത്വത്തിന് മറുപടിയില്ലാത്ത തോൽവിയാണ് കിട്ടിയത്. ഭരണത്തിൽ തിരുത്തൽ വേണമെന്ന യാഥാർഥ്യത്തിന് മുന്നിൽ എങ്ങനെ എന്ന് പകച്ചുനിൽക്കുകയാണ് നേതാക്കൾ. മാസപ്പടിയുൾപ്പടെ വിവാദങ്ങൾക്ക് മറുപടി പറയാതെ എല്ലാം ബിരിയാണിചെമ്പിലെ സ്വർണം പോലെ ജനംതള്ളുമെന്ന് കരുതിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇനി ചിന്താഭാരത്തിന്റെ ദിവസങ്ങള്‍.
ഞെട്ടിയതാരെന്ന് സംശയമില്ലാത്ത മറുപടി പുതുപ്പള്ളിയിലെ വോട്ടർമാർ നൽകി. പുതുപ്പള്ളിയിൽ സർക്കാരിനെ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ വെല്ലുവിളി ഏറ്റെടുത്ത സി.പി.എമ്മിന് ആത്മവിശ്വാസ കൊടുമുടിയിൽ നിന്നുള്ള വീഴ്ച. സഹതാപ തരംഗമെന്ന് ചുരുക്കാനാകാത്ത ചാണ്ടി ഉമ്മന്റെ തകർപ്പൻ ജയം വിരൽ ചൂണ്ടുന്നത് ഭരണവിരുദ്ധ വികാരത്തിലേക്കു തന്നെ. കാലിയായ ഖജനാവ് തകിടം മറിച്ച ക്ഷേമപദ്ധതികൾ.. ഉപ്പു മുതൽ കർപ്പൂരമെന്നപോൽ ജനത്തിനു മേൽ അടിച്ചേൽപ്പിച്ച നികുതിഭാരം. സപ്ലൈകോയിലെ ഓണക്കാലത്തും കാലിയായ ഷെൽഫുകൾ. കുടിശികയായ ക്ഷേമ പെൻഷൻ. ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാരുടെ സങ്കടം. കടുത്ത ജന രോഷം തിരിച്ചറിയാത്തത് സർക്കാരും പാർട്ടിയും മാത്രമായിരുന്നു.
സൈബർ അണികളുടെ ധാർഷ്ട്യവും വ്യക്തിഹത്യയും മുഖ്യമന്ത്രിയുടെ അകമ്പടി യാത്രയും ഹെലികോപ്റ്ററും ജനത്തിനു മുന്നിൽ പ്രതിപക്ഷം ഉയർത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം. തിരുത്തൽ വേണമെന്ന് സി.പി.എമ്മിനെ ഓർമ്മിപ്പിക്കുകയാണ് പുതുപ്പള്ളി. എങ്ങനെ, ആര് തിരുത്തും എന്ന ചോദ്യത്തെ നേരിടുകയാണ് പാർട്ടി. വിവാദങ്ങളെ അവഗണിച്ച് കണ്ണുകെട്ടിയ കുതിര പോലെ പോയ രണ്ടാം പിണറായി സർക്കാർ നേരിട്ട രണ്ട് ഉപതിരഞെടുപ്പുകളും തോറ്റു തുന്നം പാടി.
തൃക്കാക്കരയിലെ തോൽവി സിൽവർ ലൈനിന്റെ ട്രാക്കിളക്കി. പുതുപ്പള്ളിയുടെ തുടർചലനങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ അഴിച്ചുപണിയിലേക്കു പോലും നയിച്ചേക്കാം.
Puthuppally bypoll results: OC's charm intact, Chandy Oommen secures win