നരേന്ദ്രമോദി പ്രഭാവത്തില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തേരോട്ടം. മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തിയ ബിജെപി ചത്തീസ്ഗഡും രാജസ്ഥാനും തിരിച്ചുപിടിക്കുന്നതിന് പിന്നില്‍ മോദി ഇഫക്ട് അല്ലാതെ മറ്റൊരു ഘടമില്ല. കൃത്യമായ നേതൃത്വം പോലുമില്ലാത്ത ചത്തീസ്ഗഡിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച് പാര്‍ട്ടി അധികാരത്തിലേക്ക് എത്തിക്കുകായാണ് പ്രധാനമന്ത്രി. മോദിയെന്ന മുഖത്തിനൊപ്പം ശിവരാജ് സിങ് ചൗഹാന്‍റെ ജനകീയതയും മധ്യപ്രദേശിനെ ബിജെപിക്കൊപ്പം നിര്‍ത്തി.
ഇന്ത്യ മുന്നണി സഖ്യത്തെ പോലും ഗൗനിക്കാതെ സംസ്ഥാനങ്ങളില്‍ ഒറ്റക്ക് കരുത്തുകാട്ടിനിറങ്ങിയ കോണ്‍ഗ്രസ് ഹിന്ദി ഹൃദയഭൂമിയില്‍ കാലിടറി വീഴുകയാണ്. അധികാരത്തിലിരുന്ന ചത്തീസ്ഗഡിലും രാജസ്ഥാനിലും ലോക്സഭാ തിരഞ്ഞെടുപ്പിന് നാലുമാസം പോലുമില്ലാതിരിക്കെ കോണ്‍ഗ്രസിനെ വിറപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ കരുനീക്കങ്ങളാണ്. മോദി പ്രഭാവം ലോക്സഭ തിരഞ്ഞെടുപ്പിലേ ചര്‍ച്ചയാകൂ, നിയമസഭകളില്ലെന്ന വാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹിന്ദി മേഖലയിലെ ബിജെപി മുന്നേറ്റം. സംസ്ഥാന നേതാക്കളെ പോലും മൂലക്കിരുത്തി അമിത്ഷായ്ക്ക് ഒപ്പം കളത്തിലറങ്ങി കളിച്ചാണ് ഭൂപേഷ് ബഗേല്‍ സര്‍ക്കാരിനെയും അശോക് ഗലോട്ട് സര്‍ക്കാരിനെയും മോദി അപ്രസക്തമാക്കിയത്.
കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അഴിമതിയായിരുന്നു ചത്തീസ്ഗഡിലും രാജസ്ഥാനിലും മോദിയുടെ മുഖ്യപ്രചാരണ ആയുധം. കള്ളപ്പണക്കേസുകളില്‍ ഇരു സംസ്ഥാനങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശ്വാസ്യതയെ ഇല്ലാതാക്കാനും ബിജെപിയെ കൊണ്ട് സാധിച്ചു. ഭരണവിരുദ്ധ വികാരത്തില്‍ അധികാരം പിടിക്കാമെന്ന് കോണ്‍ഗ്രസിന്‍റെ മോഹത്തിന് മധ്യപ്രദേശില്‍ കരിനീഴല്‍ വീഴ്ത്തിയിതും നരേന്ദ്രമോദിയെന്ന ചാണക്യന്‍റെ തന്ത്രങ്ങളായിരുന്നു. ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാതെ സസ്പെന്‍സ് നിലനില്‍നര്‍ത്തിയിട്ടും വോട്ട് ബിജെപിയിലേക്ക് എത്തിയത് കേന്ദ്രത്തില്‍ ബിജെപിയിരിക്കുന്നത് ഗുണം ചെയ്യുമെന്ന മോദിയുടെ വാഗ്ദാനമാണ്.
ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അഞ്ച് വർഷം കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് വോട്ടുകളില്‍ വലിയ സ്വാധീനമാണ് മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലുമുണ്ടാക്കിയത്. ‘മോദി ഗ്യാരന്‍റി’ എന്ന പ്രചാരണ വാചകത്തില്‍ സെമിഫൈനല്‍ വിജയിച്ച ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പെന്ന് ഫൈലനിലേക്ക് നീങ്ങുമ്പോള്‍ ഹിന്ദി ഹൃദയഭൂമി പൂര്‍ണമായും അവരുടെ കൈപ്പിടിയിലായി.
The Modi effect reflected in State Assembly Election Result 2023.