image: sansadtv

രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞുവെന്നും സാമ്പത്തിക മേഖല സുസ്ഥിരമെന്നും സാമ്പത്തിക സര്‍വേ. 6.5 മുതല്‍ 7 ശതമാനം വരെയാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര ഉല്‍പാദന(ജി.ഡി.പി)മെന്നും സര്‍വേ വ്യക്തമാക്കുന്നു. ധനമന്ത്രി നിര്‍മല സീതാരാമനാണ് സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വച്ചത്. കോവിഡ് കാലത്തെ ശക്തമായി തന്നെ ഇന്ത്യന്‍ സാമ്പത്തികരംഗം അതിജീവിച്ചുവെന്നും സര്‍വെ വ്യക്തമാക്കുന്നു. 

പി.എം. ആവാസ് ഗ്രാമീണ്‍ പദ്ധതി പ്രകാരം രാജ്യത്ത് 2.36 കോടി വീടുകള്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ നിര്‍മിച്ചുവെന്നും 10.3 കോടി പാചകവാതക കണക്ഷനുകള്‍ പി.എം ഉജ്വല യോജന പ്രകാരം 2016 മുതല്‍ ലഭ്യമാക്കിയെന്നും സര്‍വേ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ രാജ്യം ബഹുദൂരം സഞ്ചരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 11.57 കോടി ശൗചാലയങ്ങളും 2.39 ലക്ഷം പൊതു ശൗചാലയങ്ങളും സ്വച്ഛ് ഭാരത് മിഷന് കീഴില്‍ നിര്‍മിച്ചു.  15.14 ലക്ഷം കിലോ മീറ്റര്‍ റോഡുകള്‍ ഗ്രാം സഡക് യോജന പദ്ധതിയുടെ കീഴില്‍ നിര്‍മിച്ചുവെന്നും ബാങ്കിങ്, ഗ്രാമീണ വിദ്യാഭ്യാസം, ആരോഗ്യ മേഖലയില്‍ നിര്‍ണായക മുന്നേറ്റം രാജ്യത്തിനുണ്ടായെന്നും സര്‍വേ അവകാശപ്പെടുന്നു. 

നാളെ ബജറ്റവതരണത്തിന് മുന്നോടിയായാണ് ധനമന്ത്രി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്. സഭയുടെ സുഗമമായ സമ്മേളനത്തിന് ഭിന്നത മാറ്റിവച്ച് എല്ലാവരും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ പാലിച്ച് ഏതു വിഷയവും ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയും വ്യക്തമാക്കി. 

ENGLISH SUMMARY:

The Economic Survey says that the Indian economy is resilient and has seen strong recovery post the pandemic. GDP will grow at an approximate 6.6-7% in FY25.