പ്രായമായവരുടെ എണ്ണവും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കൂടിവരുന്ന കാലത്ത് സംസ്ഥാനത്ത് വയോജന വകുപ്പും കമ്മിഷനും രൂപീകരിക്കണമെന്ന ആവശ്യമുയര്‍ത്തി സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍. വാര്‍ധക്യകാല പെന്‍ഷന്‍ മൂവായിരം രൂപയാക്കി ഉയര്‍ത്തണം. വീടും സ്ഥലവും ഈടായി നല്കി ബാങ്കില്‍ നിന്ന് നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന റിവേഴ്സ് മോര്‍ട്ട്ഗേജ് പദ്ധതി കേരള ബാങ്ക് വഴി നടപ്പാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
2051 ആകുമ്പോഴേയ്ക്കും കേരള ജനസംഖ്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഒരു കോടി കടക്കുമെന്നാണ് നിഗമനം. ഒപ്പം നടതള്ളപ്പെടുന്ന മാതാപിതാക്കളുടെ എണ്ണവും വീടിനുള്ളിൽ പോലും കടുത്ത ശാരീരിക മാനസിക സാമ്പത്തിക ചൂഷണങ്ങൾ നേരിടുന്നവരുടെ കണക്കും പെരുകുന്നു. ഉറ്റവര്‍ നടതളളിയ 89 പേരെയാണ് രണ്ടുവര്‍ഷത്തിനിടെ സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്തത് എന്നതും പ്രായമായവര്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളുടെ ആഴം വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും കമ്മിഷനും വേണമെന്ന ആവശ്യമുയരുന്നത്.
കിടപ്പു രോഗികള്‍ ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നതിന് പരിഹാരമായി സംരക്ഷണ കേന്ദ്രങ്ങള്‍ വരണമെന്നും വിവിധ വയോജന അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നു. 60 വയസ് കഴിഞ്ഞവരുടെ കണക്കുകള്‍ പൂര്‍ണമായും ശേഖരിക്കുക, സംസ്ഥാന ജില്ലാ തലങ്ങളിലെ വയോജന കൗണ്‍സിലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിക്കുക, എല്ലാ പഞ്ചായത്തുകളിലും വയോജന വേദി രൂപീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സംഘടനകള്‍ മുമ്പോട്ട് വയ്ക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുെട കെട്ടിടങ്ങള്‍ വയോജന സൗഹൃദമാക്കണം. അംഗനവാടി ജീവനക്കാര്‍ മുഖേന കുട്ടികളുടേയും സ്ത്രീകളുടേയും പോഷകാഹാരവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതുപോലെ വയോജനങ്ങളേയും സംരക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
Commision for old age people