കടലിനേയും കായലിനേയും മാത്രം ആശ്രയിച്ച് ജീവിതത്തോട് പൊരുതുന്ന ഒരു കൂട്ടം സ്ത്രീകള്‍. കടലമ്മ ചതിക്കില്ലെന്ന പ്രതീക്ഷയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നവര്‍. പുലരും മുന്‍പ് ചന്തയിലെത്തണം, ലേലം വിളിക്കണം മീനെടുക്കണം. പിന്നെ വിഭങ്ങളൊരുക്കാന്‍ പച്ചമീന്‍ തേടിയെത്തുന്നവര്‍ക്കായുള്ള കാത്തിരിപ്പ്. ഇത്രയേറെ കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ച് ഈ ജോലി ചെയ്തിട്ടും ഇതേ ജോലിയില്‍ തുടര്‍ന്നിട്ടും ഒരു മീന്‍കാരി എന്ന ലേബലിലേക്ക് മാത്രമായി നമ്മളിവരെ ഒതുക്കി നിര്‍ത്തുന്നു.
ട്രോളുകളിലും നമ്മുടെ സംഭാഷണങ്ങളിലും ഇവരുടെ പ്രയോഗങ്ങളും രീതികളേയും ശൈലികളേയും വലിച്ചിടുമ്പോള്‍ ഇവരെത്ര ഉരുകുന്നുണ്ടെന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ. ഒരു ശോഭയിലും ഗിരിജയിലും ഒാമനയിലും തീരുന്നില്ല ഒന്നും. പേരു മാത്രമെ മാറുന്നുള്ളു. കടലുപോലെ പരന്നു കിടക്കുന്ന അവരുടെ ജീവിതങ്ങള്‍ക്ക് ഒരു മാറ്റവുമില്ല. ഏത് തീരത്ത് പോയാലും കാണാം സങ്കടത്തിരയുയരുന്ന ഒരുപാട് ജീവിതങ്ങളെ. ചേര്‍ത്തുപിടിക്കേണ്ടതുണ്ട് നമുക്കിവരെ ഇനിയെങ്കിലും.