2023 പിറന്ന് കൃത്യം ഒരു മാസം കഴിഞ്ഞാണ് കാതടപ്പിക്കും ശബ്ദത്തോടെ തുര്‍ക്കിയിലും സിറിയയിലും ഭൂമി പിളര്‍ന്നത്. ലോകം ഒരുപോലെ ആശങ്കപ്പെട്ട 23ലെ ആദ്യവാര്‍ത്ത ,67000 ജീവന്‍ ഭൂമി പിളര്‍ന്ന് പൊലിഞ്ഞു, ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നിലംപരിശായി. പതിനായിരങ്ങള്‍ ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടു. ചരിത്രപ്രാധാന്യമുള്ള നഗരങ്ങളായ സാന്‍ലര്‍ഫ, ആലപ്പോ നഗരങ്ങള്‍ തകര്‍ച്ചയുടെ ആഴമറിഞ്ഞു. 1939നു ശേഷം ആ ജനത കാണുന്ന ഏറ്റവും വലിയ ദുരന്തം.
ചൈനയെയും വെട്ടി ഇന്ത്യ ഒന്നാമനായ 2023. ആള്‍ബലത്തില്‍ യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട് പ്രകാരം 142.86കോടി ജനത ഇന്ത്യാ മഹാരാജ്യത്തുണ്ടെന്ന് വ്യക്തമായി. 68ശതമാനവും 15നും 64നു ഇടയില്‍ പ്രായമുള്ള യുവത്വം. ചൈന 142.57 കോടിയില്‍ നില്‍ക്കുന്നു. കുഞ്ഞുങ്ങള്‍ 25 ശതമാനം. മുത്തശ്ശികളും മുത്തശ്ശന്‍മാരും 7 ശതമാനം മാത്രം.
12000 അടി താഴ്ചയില്‍ 111 വര്‍ഷമായി മൂടിക്കിടക്കുന്ന ടൈറ്റാനിക് അവശേഷിപ്പുകള്‍ കാണാനുള്ള യാത്ര. ആ യാത്ര മറ്റൊരു ദുരന്തത്തില്‍ കലാശിച്ചത് ജൂണ്‍ മാസം 18ന്. ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ എന്ന ജലപേടകം അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണത് ടൈറ്റാനിക് അവശേഷിപ്പിനും 500 മീറ്റര്‍ അകലെ. ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ അസ്ഥാനത്താക്കി ദിവസങ്ങളുടെ തിരച്ചിലില്‍ വ്യക്തമായി ടൈറ്റനും അഞ്ചു യാത്രക്കാരും വെറും ഓര്‍മ മാത്രമായെന്ന്. ഓഷ്യന്‍ഗേറ്റ് കമ്പനി സിഇഒ ഉള്‍പ്പെടെ ആ ദുരന്തത്തിനിരയായി. പാക് ബ്രിട്ടീഷ് ബിസിനസുകാരന്‍ ഷഹ്സാദ ദാവൂദിന്റെയും മകന്‍ സുലേമാന്റെയും ജീവിതവും വേര്‍പാടും ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ റഷ്യ ഉക്രയിന്‍ യുദ്ധം 2023ല്‍ ദുര്‍ബലമായി. സഖ്യകക്ഷികള്‍ ധനസഹായവും ആയുധവിതരണവും മന്ദഗതിയിലാക്കി. 2023ലും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പലയിടത്തും കാലിടറി യുക്രേനിയന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിക്ക്. കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ലെങ്കിലും, യുഎൻ കണക്കുകൾ പ്രകാരം 10,000 ഉക്രേനിയൻ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഇതുവരെ അഞ്ച് ലക്ഷത്തിലധികം ഉക്രേനിയൻ, റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു