ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും വാർത്തകളും കേരളത്തിന് സമ്മാനിച്ച് 2023 വിടവാങ്ങുകയാണ്. വിവാദങ്ങൾക്ക് ഇൗ വർഷവും കുറവുണ്ടായില്ല. കേരളത്തിന്റെ വന്ദേഭാരത് മുതല്‍ അരിക്കൊമ്പന്‍ വരെ. ബ്രഹ്മപുരത്തെ തീപിടിത്തം മുതല്‍ കളമശ്ശേരിയിലെ സ്ഫോടനം വരെ. അങ്ങനെയങ്ങനെ സംഭവഭരിതമായിരുന്നു 2023.
ബ്രഹ്മപുരത്തെ തീയും പുകയും
മാലിന്യസംസ്കരണ രംഗത്തു കേരളം നേരിടുന്ന പ്രതിസന്ധി അതിന്റെ പാരമ്യം കണ്ട നാളുകളായിരുന്നു ഇത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തം ഉയര്‍ത്തിവിട്ട പുകയുടെ വിവാദച്ചുരുളുകള്‍ കേരളമാകെ പടര്‍ന്നു. മാർച്ച് രണ്ടിനു വൈകിട്ടാണു കൊച്ചി നഗരസഭ മാലിന്യം തള്ളുന്ന ബ്രഹ്മപുരത്തെ പ്ലാന്റില്‍ തീപിടിച്ചത്. ആദ്യം ഫയർഫോഴ്സ് ഒറ്റയ്ക്കാണ് തീ അണയ്ക്കാൻ പരിശ്രമിച്ചത്. പിന്നീട് 400 ഓളം സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെ സഹായത്തോടെ പന്ത്രണ്ടാം ദിവസമാണു തീ കെടുത്താനായത്. കൊച്ചി നഗരത്തിന് പുറമേ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലേക്ക് വരെ മാലിന്യപ്പുക നീണ്ടു. ഇതിന് പിന്നാലെ തീപിടിത്തം അട്ടിമറിയാണെന്ന ആരോപണം ശക്തമായി. കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാനായി ബയോമൈനിങ്ങിനു കരാറെടുത്ത സോണ്ട ഇൻഫ്രാടെക് പ്രതിക്കൂട്ടിലായി. ഒപ്പം രാഷ്ട്രീയ നേതൃത്വങ്ങളും. പിന്നെ കണ്ടത് ആരോപണ പ്രത്യാരോപണങ്ങളുടെ വിഴുപ്പലക്കല്‍.
വാര്‍ത്താതാരം അരിക്കൊമ്പന്‍
മനുഷ്യർ മാത്രമല്ല, കാട്ടിലെ മൃഗങ്ങള്‍ വരെ വാർത്തയിലെ താരമായ വര്‍ഷമാണ് 2023. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഭീഷണിയുയർത്തിയ ഒറ്റയാൻ അരിക്കൊമ്പനെ ഏപ്രിലിലാണ് മയക്കുവെടി വച്ച് ജനവാസമില്ലാത്ത പെരിയാർ വനമേഖലയിലേക്ക് കേരള വനംവകുപ്പ് എത്തിച്ചത്. എന്നാൽ ഇവിടെനിന്ന് അതിർത്തി ഭേദിച്ച് തമിഴ്നാട്ടിൽ കയറിയ അരിക്കൊമ്പൻ കമ്പം ടൗണിലും ഭീതി പരത്തി. ഒടുവിൽ വീണ്ടും മയക്കുവെടി വച്ച് തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ മുണ്ടൻതുറൈ സംരക്ഷിത വനത്തിലെത്തിച്ച് തുറന്നുവിട്ടു. നിലവിൽ ഇവിടെയുള്ള മറ്റ് കാട്ടാനകളോടൊപ്പമാണ് അരിക്കൊമ്പന്‍.
പാലക്കാട് ജില്ലയിലെ ധോണി, മുണ്ടൂർ മേഖലകളിൽ കാടുവിട്ടിറങ്ങി വന്ന് നാലു വർഷത്തോളം കൃഷിനാശമുണ്ടാക്കിയ പി.ടി. 7നെ ജനുവരി 22നാണ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വനംവകുപ്പ് പിടികൂടിയത്. പ്രത്യേകമായി നിർമിച്ച ആനക്കൂട്ടിലാക്കി ശേഷം പി.ടി 7നെ ധോണി എന്ന് വിളിക്കാനും തുടങ്ങി.
തീവയ്പും പൊട്ടിത്തെറിയും
സുരക്ഷിതമെന്ന് കരുതിയ കേരളത്തിൽ 2023ല്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളായിരുന്നു എലത്തൂരിലെ ട്രെയിന്‍ തീവയ്പും കളമശേരിയിലെ സ്ഫോടനവും. ഏപ്രില്‍ 2 നാണ് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്‌പ്രസിൽ കോഴിക്കോട് ഏലത്തൂരില്‍ വച്ച് തീവയ്പ് ഉണ്ടായത്. സംഭവത്തില്‍ മൂന്ന് യാത്രക്കാർ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പൊള്ളലുമേറ്റു. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നും പിടികൂടി.
ഒക്ടോബർ 29ന് രാവിലെയായിരുന്നു യഹോവ സാക്ഷികളുടെ കൺവൻഷന്‍ നടന്ന കളമശേരിയിലെ സംറ കൺവൻഷൻ സെന്ററിൽ സ്‌ഫോടനുമുണ്ടായത്. സംഭവത്തിൽ 8 പേർ മരിച്ചപ്പോൾ 52 പേർക്കാണ് പരുക്കേറ്റത്. സംഭവം നടന്ന അന്നു തന്നെ കേസിലെ ഏക പ്രതി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയിരുന്നു. ഇരുസംഭവങ്ങളെയും ചൊല്ലി രാഷ്ട്രീയ വാക്പോരുകളുടെ അരങ്ങുമായി കേരളം.
വല്ലാത്തൊരു കേരളീയം
കേരളസംസ്ഥാനം രൂപികരിച്ചതിന്റെ 68ാം വാർഷികത്തിലാണ് സംസ്ഥാനത്തിന്റെ നേട്ടങ്ങളെ അണിനിരത്തി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ കേരളീയം 2023 പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുമുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി. കുഞ്ഞുങ്ങളുടെ ഉച്ചയൂണിനുള്ള പണംപോലും നൽകാൻ ശേഷിയില്ലാത്ത സർക്കാർ നടത്തുന്നത് ആർഭാടമാണമെന്ന് പ്രതിപക്ഷവും. അതോടെ ചര്‍ച്ച കൊഴുത്തു. സമൂഹമാധ്യമങ്ങള്‍ ഉണര്‍ന്നു. ഉദ്ഘാടനവേദിയില്‍ കമല്‍ഹാസനും മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും ഒന്നിച്ചത് സമ്മോഹനകാഴ്ചയായി.
കേരളത്തിന്റെ ആദിവാസി പൈതൃകം ചിത്രീകരിക്കാനെന്ന പേരിൽ മനുഷ്യരെ വേഷംകെട്ടിച്ചും കാഴ്ചവസ്തുക്കളാക്കി നിർത്തിയതിനെതിരെ പൊതുസമൂഹത്തിൽ നിന്നും എതിർപ്പുയർന്നു. .
മാസപ്പടിയും മകളും
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് സ്വകാര്യ കരിമണൽ ഖനനകമ്പനിയായ സിഎംആര്‍എൽ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ നൽകിയതായി ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയെന്ന് വാര്‍ത്ത വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കും സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും അതില്‍ വിവരമുണ്ടായി. വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കി കോൺഗ്രസ് ഏം.എൽ.എൽ മാത്യു കുഴൽനാടൻ രംഗത്തെത്തി.
വിഷയം നിയമസഭയിൽ ഉന്നയിക്കാൻ നീക്കം നടന്നെങ്കിലും നടന്നില്ല. മാത്യു കുഴൽനാടന്റെ പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കുകയും ചെയ്തു. വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും മാസപ്പടിയില്‍ കൃത്യമായ മറുപടി ഇല്ലെന്നത് വാസ്തവം.
കപ്പലടുത്ത വിഴിഞ്ഞം
ഇന്ത്യയിലെ ആദ്യത്തെ മദര്‍ഷിപ്പ് പോര്‍ട്ടായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ അടുത്തത് ഈ വർഷമായിരുന്നു. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ -15 ഒക്ടോബർ 15നാണ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 കിലോമീറ്റർ മാത്രം അകലെയുള്ള വിഴിഞ്ഞം തുറമുഖം രാജ്യത്തെ ഏറ്റവും മികച്ച ചരക്കുനീക്ക സംവിധാനമായി മാറുമെന്ന പ്രതീക്ഷയിലാണ് രാജ്യവും കേരളവും. കപ്പല്‍ അടുത്തതോടെ പിന്നെ അവകാശവാദങ്ങളുമായി പാര്‍ട്ടികള്‍ പാഞ്ഞടുത്തു. തന്റെ ആദ്യ സർക്കാരിന്റെ കാലത്താണ് ബെർത്ത് നിർമാണം തുടങ്ങിവച്ചത് എടുത്തുപറഞ്ഞ മുഖ്യമന്ത്രി, പദ്ധതിയെ എതിർത്തതു രാജ്യാന്തര ലോബികളാണന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി വി.മുരളീധരൻ, കഴിഞ്ഞ 9 വർഷത്തെ മോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ പ്രതിഫലനമെന്ന് അവകാശവാദമുന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാകാകട്ടെ, എല്ലാ ക്രെഡിറ്റും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണു നൽകിയത്.
ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിപ്പോരും
ഉമ്മന്‍ ചാണ്ടിക്ക് 2023ല്‍ കേരളം നൽകിയത് ഹൃദയം കൊണ്ടുള്ള യാത്രയയപ്പ്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ െബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അര നൂറ്റാണ്ടിലേറെ നിയമസഭാഗവും രണ്ട് തവണ മുഖ്യമന്ത്രിയുമായ അദ്ദേഹത്തെ അവസനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം മുതൽ കോട്ടയം വരെ കാത്തുനിന്നത് ജനസാഗരം. കേരളജനതയുടെ വാക്കുകളിലെ സ്നേഹം അതിനപ്പുറം. മരണശേഷം പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ജനം ഒഴുകിയെത്തി. ഒരു മാസം കഴിയും മുൻപ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.
പുതുപ്പള്ളിയില്‍ നടന്നത് കേരള നിയമസഭയിലേക്കുള്ള 66–ാം ഉപതിരഞ്ഞെടുപ്പാണ്. മകന്‍ ചാണ്ടി മകനെ സ്ഥാനാര്‍ഥിയാക്കാന്‍ യുഡിഎഫിനും കോണ്‍ഗ്രസിനും അധികം അലോചിക്കേണ്ടി വന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മൂന്നാം വട്ടവും ജെയ്ക്ക് സി തോമസ്. ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിനു താൽക്കാലിക ജോലിയിൽ നിന്നു പുറത്താക്കപ്പെട്ട സതിയമ്മയും സൈബര്‍ ആക്രമണം നേരിട്ട അച്ചു ഉമ്മനും ജെയ്ക്കിന്റെ ഭാര്യ ഗിതുവും തിരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്നു. എല്ലാത്തിനും ഒടുവില്‍ പുതുപ്പള്ളി ചാണ്ടി ഉമ്മന് വേണ്ടി കാത്തുവെച്ചത് ചരിത്രജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയിൽ കുഞ്ഞൂഞ്ഞിന് പിൻഗാമി എത്തി.
വാ, വാ, വന്ദേഭാരത്..!
2023ല്‍ കേരളത്തിന് കിട്ടിയ വിഷുക്കൈനീട്ടമായിരുന്നു വന്ദേഭാരത് ട്രെയിന്‍. കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും വന്‍ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എത്തിയ വന്ദേഭാരതിന്റെ സർവീസ് ഫ്ളാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നേരിട്ടെത്തി. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ 2 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രാസമയത്തിലും സൗകര്യങ്ങളിലുമൊക്കെ വന്ദേഭാരത് സമാനതകളില്ലാത്ത അനുഭവമാകുമ്പോള്‍ മറുവശത്ത് വന്ദേഭാരതിനു തടസ്സമില്ലാതെ കടന്നുപോകാൻ മറ്റു ട്രെയിനുകളെ വഴിയിൽ പിടിച്ചിടുന്നതു വ്യാപക പരാതികൾക്കാണ് ഇടയാക്കുന്നത്. ഒപ്പം പറയേണ്ടതാണ് ട്രാക്കിലേക്ക് രാഷ്ട്രീയം വലിച്ചിട്ട അവകാശവാദങ്ങളുടെ നീണ്ട നിരയും.
ഇണങ്ങിയും ഇടഞ്ഞും ഗവര്‍ണര്‍
സർക്കാരുമായി പിണങ്ങിയും ഇണങ്ങിയുമുള്ള ഗവര്‍ണറുടെ പ്രവര്‍ത്തനം 2023ന്റെ അവസാനമായതോടെ സംഘർഷഭരിതമായ കാഴ്ചയായി. സർവകലാശാലകളിലെ ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനം അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുകൾ നിയമസഭ പാസാക്കിയതോടെയാണ് തർക്കം രൂക്ഷമായത്. കണ്ണൂർ സർവകലാശാല വിസിയെ നിയമിച്ചതു മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരമാണെന്നു ഗവർണർ തുറന്നടിച്ചു. സുപ്രീംകോടതി ഈ നിയമനം റദ്ദാക്കി. ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ ഗവര്‍ണര്‍ 7 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. സര്‍വകലാശാലകളിലെ സെനറ്റിലേക്ക് സംഘപരിവാർ സഹയാത്രികരെ നാമനിർദേശം ചെയ്തതായി ആരോപിച്ച് എസ്എഫ്ഐ ഗവർണറെ വഴിയിൽ തടഞ്ഞു പ്രതിഷേധിച്ചു. കാറിൽ നിന്നിറങ്ങിയ ഗവർണർ എസ്എഫ്ഐക്കാരെ വെല്ലുവിളിച്ചത് കേരളത്തിനു പുതിയ കാഴ്ചയായി. മിഠായിത്തെരുവില്‍ ഇറങ്ങിനടന്ന ഗവര്‍ണറുടെ നടപടി വ്യാപക വിമര്‍ശനം വിളിച്ചുവരുത്തി.
എ.ഐയും പിഴയും പഴിയും
2023ല്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഒരു പക്ഷ എ.ഐയെക്കുറിച്ചാകും. ഈ സമയത്ത് തന്നെയാണ് റോഡിലെ നിയമലംഘനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കേരളത്തിലും എഐ ക്യാമറ എത്തിയത്. ഏപ്രിൽ 20 ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു. ജൂൺ 5 മുതല്‍ 726 ക്യാമറകൾ മിഴി തുറന്നു. പേരിൽ എഐ ഉണ്ടെങ്കിലും പിഴ നോട്ടിസ് അയക്കുന്നതിലെ പിഴവുകൾ പലപ്പോഴും ജനങ്ങളുടെ പഴി കേൾക്കാൻ ഇടയാക്കി. എഐ ക്യാമറ വന്നതോടെ റോഡപകടങ്ങൾ കുറഞ്ഞെന്നാണ് സർക്കാരിന്റെ അവകാശവാദം. പക്ഷെ പദ്ധതിയുടെ കരറാുകളെ പറ്റി പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളിൽ സർക്കാർ വിയർത്തു. പ്രവൃത്തിപരിചയമില്ലാത്ത കമ്പനികൾക്കാണ് കരാര്‍ നൽകിയതെന്നും കോടികളുടെ അഴിമതി നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു. ഹൈക്കോടതി കരാറുകാർക്കു പണം നൽകുന്നതു തൽക്കാലത്തേക്ക് തടഞ്ഞു. വ്യാവസായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
അനിലും അന്റണിയും
കോൺഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശം ഏവരേയും ഞെട്ടിച്ചു. ബിബിസി പുറത്തിറക്കിയ മോദിയെ കുറിച്ചുള്ള വിഡിയോയെ വിലക്കിയ കേന്ദ്ര നടപടിയെ പിന്തുണച്ചാണ് അനിൽ ബിജെപി പാളയത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസിലെ മുതിർന്ന നേതാവിന്റെ മകന് ദേശീയ സെക്രട്ടറി സ്ഥാനം നൽകി ബിജെപി സ്വീകരിച്ചു. 2023 അവസാനിക്കുമ്പോൾ നടൻ ദേവനെയും സംവിധായകന്‍ മേജര്‍ രവിയെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനാക്കി. ബിജെപിയിൽനിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്കിനും 2023 സാക്ഷിയായി. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയ ഭീമൻരഘുവിന്റെ യാത്ര വേറിട്ടതായിരുന്നു. സംവിധായകൻമാരായ രാജസേനനും, രാമസിംഹനെന്ന് പേരുമാറ്റിയ അലിഅക്ബറും ബിജെപി ക്യാംപിനോട് വിട പറഞ്ഞു.
കരുവന്നൂരും കണ്ടലയും
2023ന് മുന്‍പ് തന്നെ കരുവന്നൂർ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പക്ഷെ പോയ വര്‍ഷം വലിയ പ്രതിസന്ധിയാണ് ബാങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും സിപിഎമ്മിനും അത് കാത്തുവച്ചത്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന് ശേഷം കേരളത്തില്‍ തമ്പടിച്ച ഇ.ഡിയുടെ അന്വേഷണങ്ങള്‍ ബാങ്കിന്റെ ക്രമക്കേടുകളിലേക്ക് വ്യാപിച്ചു. കരുവന്നൂർ, കണ്ടല തുടങ്ങിയ ബാങ്കുകളിലെ കോടികളുടെ ക്രമക്കേടുകൾ കേരളത്തിലെ സഹകരണമേഖലയ്ക്കും ക്ഷീണമായി. 2023 വര്‍ഷം അവസാനിക്കുമ്പോഴും കരുവന്നൂരിലെ അന്വേഷണം തീരുന്നില്ല. മറ്റു ബാങ്കുകളിലേക്കും പാര്‍ട്ടികളിലേക്കുെ അത് പടരുന്നതിന്റെ സൂചനകളും കാണുന്നു.
രാഹുലും വിവാദക്കാര്‍ഡും
യൂത്ത് കോൺഗ്രസിന് സംഘടനാ തിരഞ്ഞെടുപ്പിലുടെ പുതിയ നേത്യത്വം ഉണ്ടായ വര്‍ഷമാണ് 2023. ചാനൽ ചർച്ചകളില്‍ ഇടതുപക്ഷത്തെ നേരിട്ട് ശ്രദ്ധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷനായപ്പോള്‍ അബിന്‍ വര്‍ക്കിയും അരിത ബാബുവും ഉപാദ്ധ്യക്ഷന്മാരായി. എന്നാൽ ഈ വിജയത്തിളക്കത്തിന് മങ്ങലേറ്റ സംഭവങ്ങളാണ് പിന്നാലെ എത്തിയത്. തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡുകൾ നിർമിച്ചു എന്ന വെളിപ്പെടുത്തൽ പൊലീസ് അന്വേഷണത്തിൽ എത്തിനിൽക്കുന്നു കാര്യങ്ങള്‍. നവകേരള സദസ്സിനിടെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളിലും തെരുവിലെ സമരപ്രകടനങ്ങളിലും പുതിയ കമ്മിറ്റി അണികളുടെയും നേതാക്കളുടെയും കയ്യടി നേടുന്ന കാഴ്ചയും കണ്ടു.
ബസ് കയറി മന്ത്രിപ്പട
മന്ത്രിസഭയൊന്നാകെ ബസില്‍ കേരളത്തിൽ സന്ദര്‍ശനം നടത്തുന്ന നവകേരള സദസ്സ് വർഷാന്ത്യത്തിലെ കാഴ്ച. കേരള സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചും കേന്ദ്രനയങ്ങളെ വിമർശിച്ചും നവംബർ 18 ന് ആരംഭിച്ച യാത്ര ഡിസംബർ 23ന് തലസ്ഥാനത്ത് സമാപിച്ചപ്പോള്‍ പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഒന്നര കേടിയുടെ നവകേരള ബസും ധൂര്‍ത്തും ചര്‍ച്ചയിലെ ചൂടായി. സ്കൂള്‍ മതിലിടിച്ചുള്ള ബസിന് വഴി ഒരുക്കിയതും നിര്‍ബന്ധബുദ്ധിയോടെയുളള പിരിവും വാര്‍ത്തയായി. പ്രതിഷേധിക്കുന്നവരെ മർദിച്ച സിപിഎമ്മിന്റെയും പൊലീസിന്റെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വ്യാപകവിമര്‍ശനം വിളിച്ചുവരുത്തി. ക്ലൈമാക്സാകട്ടെ, ആക്ഷനും സംഘര്‍ഷവും നിറഞ്ഞ് സ്വൈര്യജീവിതത്തിന് വിഘാതമായി. സദസിനിടെ ക്ഷേമ പെൻഷൻ കിട്ടാതെ മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച ഇടുക്കിയിലെ മറിയക്കുട്ടി സാധാരണക്കാർക്കിടയിൽനിന്ന് ഈ വര്‍ഷത്തെ വാര്‍ത്ത താരമായി.
റോബിന്‍ ബസും അയ്യപ്പനും കോശിയും
നവകേരള ബസ് യാത്ര ആരംഭിച്ച ആഴ്ചയില്‍ തന്നെയാണ് കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ പെർമിറ്റുമായി പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് റോബിന്‍ ബസ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. മോട്ടർ വാഹന വകുപ്പ് തുടരെത്തുടരെ പിഴയിട്ടും പിടികൂടിയും ബസും വാര്‍ത്തകളില്‍ നിറഞ്ഞു. 2 ദിവസത്തിനിടെ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഒരു ലക്ഷത്തോളം രൂപയാണ് പിഴയിട്ടത്. പിഴയിടുന്നതിന് ഒപ്പം ബസിന് ആരാധകരും വര്‍ധിച്ചു. വഴി നീളെ ബസിന് മാലയിടലും കയ്യടിയും ലഭിച്ചു. എംവിഡിയും റോബിന്‍ ബസും തമ്മിലുള്ള പോരാട്ടം ഒരു അയ്യപ്പനും കോശിയും കളിയായി തുടരുകയാണ്.
ഇങ്ങനെ എപ്പോഴും ഒച്ചപ്പാടുകള്‍ നിറഞ്ഞതായിരുന്നു രാഷ്ട്രീയകേരളം. ഇപ്പറഞ്ഞതിനപ്പുറം പലതുമുണ്ട് പറയാന്‍. ഇപ്പറഞ്ഞതിലൊന്നും ഫുള്‍ സ്റ്റോപ്പ് വീണിട്ടുമില്ല. 2024 തുടര്‍ക്കഥകള്‍ പലതും കാണും. തിരഞ്ഞെടുപ്പ് വര്‍ഷമാണ് ഇനി. പുതിയ കളികളും ആയുധങ്ങളും വരുമെന്നുറപ്പ്. ഒന്നേ പറയാനുള്ളൂ. ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ പരസ്പര ബഹുമാനം നഷ്ടപ്പെട്ടുള്ള ഈ പോക്ക് തിരുത്തേണ്ടതാണ്. രാഷ്ട്രീയം ശക്മായി പറയുക. അപ്പോഴും സൗഹൃദവും മാന്യതയും കാത്തുവയ്ക്കുക. അത് പൊതുമണ്ഡലത്തിലായാലും സമൂഹമാധ്യമങ്ങളില്‍ ആയാലും. വരുന്നത് നല്ലൊരു രാഷ്ട്രീയവര്‍ഷമാകട്ടെ