ഹൈന്ദവ പുണ്യഭൂമികളായ കേദാര്‍നാഥിലും ബദ്രിനാഥിലും ദര്‍ശനം നടത്തി സൂപ്പര്‍താരം രജനികാന്ത്. താരം ക്ഷേത്രത്തില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിച്ച് മടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു. ആത്മീയ യാത്ര തുടരാന്‍ പ്രേരിപ്പിക്കുന്ന ഓരോ പുതിയ അനുഭവങ്ങള്‍ ഓരോ വര്‍ഷവും തനിക്ക് ഉണ്ടായിക്കൊണ്ടേയിരിക്കുകയാണെന്നും കാലത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു. ഈ യാത്രയിലൂടെ വന്നു ചേരുന്ന അനുഭവങ്ങള്‍ വ്യക്തിയെന്ന നിലയില്‍ വളരാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലോകത്തിന് മുഴുവന്‍ ആത്മീയത ആവശ്യമുണ്ട്. മനുഷ്യനെ സംബന്ധിച്ച് അത് സുപ്രധാനമാണ്. ആത്മീയ പാതയില്‍ സഞ്ചരിക്കുകയെന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും ശാന്തതയും അനുഭവിച്ചറിയുകയെന്നാണെന്നും ഈശ്വരവിശ്വാസത്തിലൂടെയാണ് ഇത് സംഭവിക്കുന്നതെ'ന്നും അദ്ദേഹം വിശദീകരിച്ചു.
അബുദാബിയിലെ ബിഎപിഎസ് ഹിന്ദുമന്ദിര്‍ അടുത്തയിടെ താരം സന്ദര്‍ശിച്ചിരുന്നു. ബിഎപിഎസ് ഹിന്ദുമന്ദിറിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ താരം ക്ഷേത്രത്തിലെത്തി പ്രാര്‍ഥന കഴിച്ച് മടങ്ങുന്ന ചിത്രങ്ങളും വിഡിയോകളും അവര്‍ പങ്കുവച്ചിരുന്നു. യുഎഇ സര്‍ക്കാരിന്‍റെ ഗോള്‍ഡന്‍ വിസ ലഭിച്ചാണ് താരം അബുദാബിയിലെത്തിയത്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'വേട്ടയാനാ'ണ് രജനിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ബിഗ്ബിയും സ്റ്റൈല്‍ മന്നനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. രജനിയുടെ 170–ാം ചിത്രമായി ഈ ഒക്ടോബറിലാകും വേട്ടയാന്‍ ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തുക.
ചാര്‍ധാം തീര്‍ഥാടനത്തിന്‍റെ ഭാഗമായി മേയ് പത്തിനാണ് കേദാര്‍നാഥ് ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നത്. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ് എന്നിങ്ങനെയാണ് ചാര്‍ധാം യാത്ര ഭക്തര്‍ പൂര്‍ത്തിയാക്കുക. സമുദ്രനിരപ്പില്‍ നിന്നും 3583 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രത്തില്‍ ഓരോ തീര്‍ഥാടനകാലത്തും ലക്ഷങ്ങളാണ് ദര്‍ശനത്തിനെത്തുന്നത്.