പെരിയാറിലെ മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജന്‍റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതു കൊണ്ടെന്ന് പരിശോധന ഫലം. മൂന്നിടത്ത് നിന്ന് എടുത്ത സാമ്പിളുകളിലും സാമാനമായിരുന്നു സ്ഥിതി. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഓഫിസിലേക്ക് പ്രദേശവാസികൾ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പെരിയാറിൽ വ്യാപകമായി മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് കേരള ഫിഷറീസ് സർവകലാശാല നദിയിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ വരാപ്പുഴ, കോതാട്, മൂലമ്പിള്ളി പ്രദേശങ്ങളിൽ നിന്നുള്ള വെള്ളത്തിന്‍റെ പരിശോധനയിലാണ് അപകടകരമായ അളവിൽ ഓക്സിജന്റെ കുറവ് കണ്ടെത്തിയത്.
മല്‍സ്യങ്ങള്‍ അടക്കമുള്ള ജലജീവികൾക്ക് ജീവിക്കാൻ ഒരു ലീറ്റർ വെള്ളത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ച് മില്ലിഗ്രാം ഓക്സിജൻ ആവശ്യമാണ്. സാധാരണഗതിയിൽ നദിയിലെ വെള്ളത്തിൽ ഒരു ലീറ്ററിൽ 10 മില്ലിഗ്രാം എന്ന നിലയിലാണ് ഓക്സിജന്‍റെ അളവ് ഉണ്ടാകാറ്. എന്നാൽ വരാപ്പുഴ ഭാഗത്ത് ജലോപരിതലത്തിൽ 3.81 മാത്രമാണ് ഓക്സിജന്‍റെ അളവ്. അടിത്തട്ടിൽ 3.08 മാത്രവും. കോതാട് ഭാഗത്ത് ഇതിലും കഷ്ടമാണ് അവസ്ഥ. ജലോപരിതലത്തിൽ 2.12 ഉം, അടിത്തട്ടിൽ 1.14 മില്ലിഗ്രാമും മാത്രമാണ് ഓക്സിജൻ ഉള്ളത്. മൂലമ്പിള്ളി ഭാഗത്താണ് പെരിയാറിൽ ഏറ്റവും അപകടകരമായ രീതിയിൽ ഓക്സിജന്‍റെ അളവുള്ളത്. ജലോപരിതലത്തിൽ 1.3 മില്ലിഗ്രാമും, അടിത്തട്ടിൽ വെറും 0.3 മില്ലിഗ്രാമും മാത്രം. അതായത് മത്സ്യങ്ങൾ നിമിഷനേരം കൊണ്ട് ചത്തുപൊങ്ങിയതിന് ഇതുതന്നെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജൈവമാലിന്യമടക്കമുള്ള പല കാരണങ്ങൾ കൊണ്ട് ജലത്തിലെ ഓക്സിജന്റെ അളവിൽ കുറവ് വരാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കീടനാശിനികൾ അടക്കമുള്ള രസമാലിന്യങ്ങൾ കലർന്നാലും ഇത് സംഭവിക്കാം. പെരിയാറിലെ വെള്ളത്തിന്റെയും, ചത്ത മീനുകളുടെയും സാമ്പിളുകളുടെ വിശദമായ പരിശോധന കുഫോസിൽ തുടരുകയാണ്. വിശദപരിശോധനക്ക് ശേഷം മാത്രമേ വെള്ളത്തിന് എന്ത് സംഭവിച്ചു എന്നും, മല്‍സ്യങ്ങള്‍ ചത്തുപൊങ്ങാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും വ്യക്തമാവുകയുള്ളൂ.