ക്ലോസറ്റില്‍ നിന്ന് ഉഗ്രനൊരു മൂര്‍ഖന്‍ പാമ്പ് ഇറങ്ങിവരുന്ന കാഴ്ച കണ്ട ഞെട്ടലിലാണ് സൈബര്‍ ലോകം. രാജേഷ് ജാട്ട് എന്ന പാമ്പുപിടിത്തക്കാരന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ തരംഗമായിക്കഴിഞ്ഞു. ‘എന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിലൊന്ന്’ എന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ഏറെയും.
ഇന്‍ഡോറിലെ ഒരു വീട്ടില്‍ നിന്നാണ് മൂര്‍ഖനെ പിടിച്ചത്. ‘ഏപ്രില്‍ ഒന്നിന് നടന്ന സംഭവത്തിന്റെ വിഡിയോയാണിത്. ശുചിമുറിയില്‍ പാമ്പുണ്ടെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. പാമ്പിന്റെ നീക്കങ്ങള്‍ മാറി നിന്ന് നിരീക്ഷിക്കണമെന്ന് പറഞ്ഞ് സ്ഥലത്തേക്ക് തിരിച്ചു. പാമ്പിനെ കണ്ട് ഭയന്ന വീട്ടുകാര്‍ ശുചിമുറിയുടെ വാതിലടച്ച് പുറത്ത് നിന്നു.
അവിടെ എത്തിയപ്പോള്‍ ശുചിമുറിക്കുള്ളില്‍ പാമ്പിനെ കണ്ടില്ല. ക്ലോസറ്റിനുള്ളില്‍ നോക്കിയപ്പോള്‍ ഒരു മൂര്‍ഖന്‍ തുറിച്ചു നോക്കുന്നു. കറുത്ത നിറത്തിലുള്ള എന്തോ ആണെന്നാണ് ആദ്യം കരുതിയത് പിന്നെയാണ് മനസ്സിലായത് അതൊരു ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പാണെന്ന്. കൊടിയ വിഷമുള്ളയിനം പാമ്പാണെന്ന് കണ്ട മാത്രയില്‍ മനസ്സിലായി’– രാജേഷ് പറയുന്നു.
പിന്നീട് നടന്ന കാര്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. ക്ലോസറ്റിലേക്ക് ഒരു പൈപ്പിലൂടെ വെള്ളം ഒഴിച്ചാണ് രാജേഷ് പാമ്പിനെ പുറത്തെത്തിച്ചത്. പതിയെ പൊങ്ങി വന്ന മൂര്‍ഖന്‍ ക്ലോസറ്റില്‍ നിന്ന് തറയിലേക്ക് ചാടും മുന്‍പ് രാജേഷ് വാലില്‍ പിടിച്ചെടുത്തു.
മെയ് 25ന് പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം ആറ് മില്യണിലധികം പേരാണ് കണ്ടത്. ഇത്രയും റിസ്ക് എടുത്ത് ആ മൂര്‍ഖനെ പിടികൂടിയ നിങ്ങള്‍ക്കിരിക്കട്ടെ ഒരു സല്യൂട്ട് എന്നാണ് വിഡിയോയ്ക്കു താഴെയുള്ള ഒരു കമന്റ്. രാജേഷിന്റെ ധൈര്യത്തെ അഭിനന്ദിച്ച് ഒട്ടനവധി പേര് രംഗത്തെത്തുന്നുണ്ട്.