പ്രകൃതി ദുരന്തങ്ങളാല്‍ വലയുകയാണ് നാടൊന്നാകെ.മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ബാക്കിയാക്കിയ ദുരന്തങ്ങള്‍ നമ്മുടെ ഉള്ളുപൊളളിച്ചുകൊണ്ടിരിക്കുകയാണ്.വയനാട്ടില്‍ ഒരു രാത്രി ഇരുട്ടിവെളുക്കുന്നതിനപ്പുറം മണ്ണില്‍ പുതഞ്ഞുപോയ ജീവനുകള്‍ ഒരു തീരാ നോവായി നമ്മില്‍ അവശേഷിക്കുന്നു.
പതിറ്റാണ്ടുകളായി വലുതും ചെറുതുമായ ധാരാളം മണ്ണിടിച്ചില്‍ ദുരന്തങ്ങള്‍ക്ക് വേദനയോടെ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്.. അത്തരത്തില്‍ ഇന്ത്യയെ നടുക്കിയ ചില പ്രകൃതി ദുരന്തങ്ങള്‍.ഓര്‍ത്തെടുക്കാം..
1948, സെപ്റ്റംബര്‍ 18 ന് കനത്ത മഴയെത്തുടര്‍ന്ന് അസമിലെ ഗുവാഹത്തിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം രാജ്യത്തെ ഞെട്ടിച്ച പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ്. കണക്കുകള്‍ പ്രകാരം 500 ലധികം പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 60 വീടുകളുണ്ടായിരുന്ന ഒരു ഗ്രാമത്തെ ഒന്നാകെ ആ ദുരന്തം വിഴുങ്ങി.
1968 ഒക്ടോബര്‍ 4 ന് വെസ്റ്റ് ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ഇന്ത്യ കണ്ട സമാനകളില്ലാത്ത ഉരുള്‍ പൊട്ടലുകളിലൊന്നായിരുന്നു.
ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 5 വരെ സിക്കിം, ഡാര്‍ജ്‌ലിങ് മേഖലകളില്‍ പെയ്ത തുടര്‍ച്ചയായ മഴ പ്രദേശത്ത് ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ക്കാണ് കാരണമായത്. അവയില്‍ ഏറ്റവും ഭീകരമായ ഉരുള്‍പൊട്ടലാണ് ഒക്ടോബര്‍ 4ന് സംഭവിച്ചത്. ഉരുള്‍പൊട്ടലിന്‍റെ ആഘാതത്തില്‍ 60 കിലോമീറ്റര്‍ ദൂരമുളള ദേശീയപാത 91 ഭാഗങ്ങളായി വേര്‍പെട്ടു. ടീസ്ട ബസാറിലെ പ്രസിദ്ധമായ ആന്‍ഡേഴ്സണ്‍ പാലം ദുരന്തത്തില്‍ തകര്‍ന്നുപോയി.ദുരന്തത്തില്‍ ആയിരക്കണക്കിനു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
1998 ഓഗസ്റ്റ് 18 ന് ഉത്തരാഖണ്ഡിലെ മാല്‍പയില്‍ ഉണ്ടായ ഉരുള്‍പൊട്ടാണ് രാജ്യത്തെ നടുക്കിയ മറ്റൊരു ദുരന്തം. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ജില്ലയിലെമാല്‍പ ഗ്രാമം സമാനതകളില്ലാത്ത ദുരന്തത്തിനാണ് അന്ന് സാക്ഷ്യം വഹിച്ചത്. അഞ്ച് മീറ്ററോളം ഉയരത്തില്‍ ഇരച്ചെത്തിയ മണ്ണും ചെളിയും പാറയും മാല്‍പ ഗ്രാമത്തെ ഒന്നാകെ ഭൂപടത്തില്‍ നിന്ന് തുടച്ചു നീക്കി. മുന്നൂറു പേരാണ് ആ ദുരന്തത്തില്‍ മാഞ്ഞുപോയത്. രാത്രിയുണ്ടായ ദുരന്തമായതു കൊണ്ടു തന്നെ മിക്കവരും ഉറക്കത്തിലായിരുന്നു.
2000 ജൂലൈ 12ന് മുംബൈയിലെ ഘട്‌കോപാര്‍ പ്രാന്തപ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 67 പേരാണ് മരണമടഞ്ഞത്. 24 മണിക്കൂറിനിടെ 350 മില്ലിമീറ്റര്‍ മഴയാണ് അന്ന് ലഭിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും മുംബൈയിലെ ചേരിയില്‍ താമസിക്കുന്നവരായിരുന്നു.
2001 നവംബര്‍ 9 ന് തിരുവനന്തപുരത്തെ അംബൂരിയിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത് 39 പേര്‍ക്കാണ്. വൈകീട്ട് ഏഴു മണിയോടെ ശക്തിയാര്‍ജിച്ച മഴ ഒരു കുന്നാകെ ഇടിച്ചു നിരത്തി പിറ്റേന്ന് വിവാഹ നിശ്ചയം നടക്കാനിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് കൂടുതല്‍ പേരും മരിച്ചത്. 13 മണിക്കൂറിനുള്ളില്‍ 38 മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളെ കാണാതായി.
2013 ജൂണ്‍ 16 ന് ഉത്തരാഖണ്ഡിലെ കേദര്‍ ഥിലുണ്ടായ ദുരന്തം രാജ്യം കണ്ട എക്കാലത്തെയും വലിയ മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ ഒന്നാണ്. ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ ഫലമായി കേദര്‍നാഥില്‍ മണ്ണിടിച്ചിലുണ്ടായി. 5700 ലധികം പേര്‍ക്കാണ് സമാനതകളില്ലാത്ത ആ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. 4200 ഗ്രാമങ്ങളാണ് നാമാവശേഷമായത്.
2019 ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂരിലെ കവളപ്പാറയെ ദുരന്തം ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടി താഴ്വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി. രാത്രി എട്ടോടെയുണ്ടായ ദുരന്തത്തില്‍ ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍കുന്നില്‍ പുതഞ്ഞു. ഇരുപത് ദിവസത്തോളം നീണ്ട തിരച്ചിലില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേരെ ഇപ്പോഴും കണ്ടെടുക്കാനായില്ല.
2019 ഓഗസ്റ്റ് എട്ടിന് വൈകീട്ടാണ് വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത്. 17 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 57 വീടുകള്‍ പാടേ മാഞ്ഞു പോയി. അന്ന് ഒരു ഗ്രാമം തന്നെയാണ് ആ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടായത്.
2020 ഓഗസ്റ്റ് 6 ന് രാത്രി 10.40ന് തുള്ളിതോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം ഇടുക്കി പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനാണെടുത്തത്. 22 വീടുകളിലായി (ലയങ്ങൾ) കിടന്നുറങ്ങിയിരുന്ന തോട്ടം തൊഴിലാളികളും ബന്ധുക്കളുമായിരുന്നു മരിച്ചവർ. ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടുനിന്ന തിരച്ചിലിൽ കണ്ടെടുത്തത്. 4 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടുനിന്ന തിരച്ചിലിൽ കണ്ടെടുത്തത്. 4 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
2022 ജൂണ്‍ 30 ന് മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ കനത്ത മഴയെത്തുടർന്നു റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേരാണ് മരിച്ചത്. മരിച്ചവരില്‍ 29 സൈനികരും ഉള്‍പ്പെടുന്നു.18 ലധികം പേര്‍ക്ക് പരുക്കേറ്റു.
2023 ജൂലൈ 19 ന് മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.നൂറിലധികം പേരെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കാണാതായത്.
അടുത്തിടെ രാജ്യം വേദനയോടെ നോക്കിക്കൊണ്ട ദുരന്തമാണ് ജൂലൈ 16 ന് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം. എട്ടുപേരുടെ ജീവനെടുത്ത ആ ദുരന്തത്തില്‍ ഇപ്പോഴും കാണാമറയത്തുള്ളത് കോഴിക്കോട് സ്വദേശിയായ അര്‍ജുനുള്‍പ്പെടെയുള്ള മൂന്നുപേരാണ്.
ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും പൊലിയുന്നത് ജീവനുകള്‍ മാത്രമല്ല. ഒരുപാട് കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഉറ്റവരെ നഷ്ടമാകുന്നവരുടെ വേദന വാക്കുകള്‍ക്കതീതമാണ്. ദുരന്തമുഖങ്ങളില്‍ ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് നമുക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന് മുന്നില്‍ മനുഷ്യന് എക്കാലവും നിസ്സഹായനായി നോക്കിനില്‍ക്കാനേ കഴിയാറുള്ളൂ.