ലോകത്തെ വന്യജീവികളുടെ സംഖ്യ അരനൂറ്റാണ്ടിനിടെ 73 ശതമാനത്തോളം കുറഞ്ഞുവെന്ന് ലോക വന്യജീവി നിധി (WWF)യുടെ റിപ്പോര്‍ട്ട്. ആവാസ വ്യവസ്ഥ ഇല്ലാതായത് മുതല്‍ കാലാവസ്ഥ മാറ്റം വരെ ഇതിന് ആക്കം കൂട്ടിയതായും സംഘടനയുടെ ദ്വൈവാര്‍ഷിക ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഭയ ജീവികള്‍, സസ്തനികള്‍, പക്ഷികള്‍, മൃഗങ്ങള്‍, മല്‍സ്യങ്ങള്‍, ഉരഗങ്ങള്‍ എന്നിങ്ങനെ 5495 ജീവിവര്‍ഗങ്ങളെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജീവികളുടെ എണ്ണത്തിലുള്ള കുറവിനെക്കാള്‍ ലോകമെങ്ങുമുള്ള വന്യജീവികളുടെ ആഗോള ശരാശരിയാണ് പഠനത്തില്‍ കണക്കാക്കിയിരിക്കുന്നത്.
കരയിലെ ജീവിജാലങ്ങളെ അപേക്ഷിച്ച് ശുദ്ധജല ജീവികളിലാണ് നാശം പ്രകടനം. 86 ശതമാനത്തോളമാണ് ഇവയുടെ സംഖ്യ കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കരയിലെ ജീവിവര്‍ഗങ്ങളില്‍ 69 ശതമാനവും ആഴക്കടല്‍ ജീവികളില്‍ 56 ശതമാനവും കുറവുണ്ടായെന്നുമാണ് കണക്കുകള്‍.
കൃഷി, ഖനനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായുള്ള ഭൂമിയിലെ ഇടപെടലുകളാണ് ജീവിവര്‍ഗത്തിന്‍റെ ആവാസ വ്യവസ്ഥ നശിച്ചതില്‍ പ്രധാന കാരണമായത്. പ്രകൃതിയിലെ അമിതമായ ചൂഷണവും കാലാവസ്ഥാ മാറ്റവും വിദേശയിനം സസ്യ–ജന്തുജാലങ്ങളുടെ കടന്നുകയറ്റവും അസുഖങ്ങളുമാണ് വന്യജീവികളുടെ നിലനില്‍പ്പിനെ തന്നെ തകിടം മറിച്ച മറ്റ് കാരണങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജീവികളുടെ എണ്ണം ഒരു പരിധിയില്‍ നിന്നും കുറയുന്നതോടെ പരിസ്ഥിതിയില്‍ നിര്‍വഹിക്കേണ്ട പങ്ക് അതിന് ചെയ്യാന്‍ കഴിയാതെ വരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അത് ചിലപ്പോള്‍ വിത്തുകളുടെ വിതരണമോ, പരാഗണമോ, പോഷകങ്ങളുടെ വിതരണമോ തുടങ്ങി പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്ന ഏത് ഘടകവുമാകാമെന്നും ഗവേഷകര്‍ പറയുന്നു.
ചുട്ടിക്കഴുകന്‍ (അഴുകിയ മാസം മാത്രം ഭക്ഷിക്കുന്നയിനം), തവിട്ടുകഴുകന്‍, കഴുത്ത് നീണ്ടയിനം സ്ലെന്‍ഡര്‍ ബില്‍ഡ് കഴുകന്‍ എന്നിങ്ങനെ ഇന്ത്യയില്‍ കാണപ്പെടുന്ന മൂന്നിനം കഴുകന്‍മാര്‍ പേരിന് മാത്രമാണ് ശേഷിക്കുന്നതെന്നും ഇതില്‍ സ്ലെന്‍ഡര്‍ ബില്‍ഡ് കഴുകന്‍ നിലവിലുള്ള പ്രായമേറിയവയുടെ കാലം കഴിഞ്ഞാല്‍ ആ വംശമേ ഇല്ലാതെയാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.