പാമ്പുകളാല്‍ വലഞ്ഞ് ഒരു ഗ്രാമം. മൂന്നുദിവസത്തിനിടെ അഞ്ചുപേര്‍ക്കാണ് ഉത്തര്‍പ്രദേശിലെ ഹപൂരിലുള്ള സദാര്‍പുരില്‍ പാമ്പുകടിയേറ്റത്. ഇതോടെ സര്‍പ്പശാപമാണിതെന്ന് പറയുകയാണ് നാട്ടുകാര്‍. ഒക്ടോബര്‍ 20, തിങ്കളാഴ്ച മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ഗ്രാമത്തിലെ ഒരു സ്ത്രീയ്ക്കും ഇവരുടെ രണ്ടു മക്കള്‍ക്കും പാമ്പിന്‍റെ കടിയേറ്റു. വീട്ടിലെ തറയില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മൂവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
പിറ്റേദിവസം ഇവരുടെ അയല്‍വാസിക്കും പാമ്പുകടിയേറ്റു. ഇയാള്‍ മരണത്തോട് മല്ലിട്ട് ആശുപത്രിയിലാണിപ്പോള്‍. നാലുപേര്‍ക്ക് പാമ്പുകടിയേറ്റതോടെ നാട്ടുകാര്‍ വനംവകുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലും വിവരമറിയിച്ചു. ഗ്രാമത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്തക്കാരും ചേര്‍ന്ന് ഒരു പാമ്പിനെ പിടിച്ചത് ഗ്രാമവാസികള്‍ക്ക് ആശ്വാസമായി. ഇതിനു തൊട്ടടുത്ത ദിവസം, ബുധനാഴ്ച രാത്രി മറ്റൊരാള്‍ക്ക് പാമ്പുകടിയേറ്റു. ഇയാളും അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
മൂന്നുദിവസത്തിനിടെ ഗ്രാമത്തില്‍ അഞ്ചുപേരെ പാമ്പ് കടിച്ചതോടെ ഗ്രാമവാസികള്‍ കടുത്ത ആശങ്കയിലാണ്. നാല് പാമ്പുപിടിത്തക്കാരടങ്ങുന്ന വനംവകുപ്പ് സംഘം ഗ്രാമത്തിന്‍റെ മുക്കുംമൂലയും പരിശോധിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഉദ്യോഗസ്ഥര്‍ പ്രാദേശിക പാമ്പുപിടുത്തക്കാരെയടക്കം എത്തിച്ചു മകുടിയൂതി പാമ്പിനെ തിരയുന്നതിന്‍റെ വിഡിയോയും പുറത്തുവന്നു. രണ്ടു പാമ്പുകളെ പിടികൂടാനായതായി വനംവകുപ്പ് റേഞ്ചര്‍ കരണ്‍ സിങ് വ്യക്തമാക്കി. പൊലീസും ഉദ്യോഗസ്ഥരും പ്രദേശത്ത് തുടരുകയാണെന്നും ഗ്രാമവാസികളുടെ ആശങ്ക അകറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഗ്രാമത്തിൽ നാഗിൻ (വിഷസര്‍പ്പങ്ങള്‍) സാന്നിധ്യമുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. സന്ധ്യ മയങ്ങുമ്പോൾ ഇവ മാളത്തില്‍ നിന്ന് പുറത്തിറങ്ങി ആളുകളെ ഇരയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. നിലവിലെ സംഭവങ്ങള്‍ സര്‍പ്പദോഷത്താലാണെന്നും സര്‍പ്പങ്ങള്‍ പ്രതികാരം തീര്‍ക്കുകയാണെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.