ശരീരമാസകലം അമ്പ് കൊണ്ട് മുറിവേറ്റ പരുക്കുമായി ജനവാസ മേഖലയിലേക്ക് ഓടിപ്പാഞ്ഞെത്തി കാട്ടാന. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നെത്തിയ വനംവകുപ്പ് സംഘം ആനയെ പരിശോധിച്ച് ചികിത്സ നല്‍കുകയാണ്. ഒഡീഷയിലെ കട്ടക്ക് ജില്ലയിലാണ് സംഭവം. വേട്ടക്കാരില്‍ നിന്ന് രക്ഷതേടിയാണ് ആന നാട്ടിലേക്കിറങ്ങിയതെന്നാണ് സൂചന.
അതാഗഡ് വനംവകുപ്പ് ഡിവിഷനു കീഴിലുള്ള നരസിംഗപൂരിലെ നുവാഗഡ് റിസർവ് വനത്തിനുള്ളില്‍ നിന്നാണ് ആനയ്ക്ക് പരുക്കേറ്റിരിക്കുന്നടത്. ദെങ്കനാലില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും നന്ദകാനന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുള്ള മൃഗഡോക്ടര്‍ അടങ്ങിയ സംഘവുമാണ് ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ഭാഗമായത്.
ആനയെ കണ്ടെത്തിയതിനു ഒരു ദിവസം മുന്‍പാണ് അമ്പേറ്റിരിക്കുന്നത് എന്നാണ് നിഗമനം. ആനയുടെ ശരീരത്തില്‍ നാലിലേറെ സ്ഥലങ്ങളില്‍ അമ്പു കൊണ്ടിട്ടുണ്ട്. രണ്ടു അമ്പുകള്‍ ശരീരത്തില്‍ തറച്ചിരുന്നു വേദനകൊണ്ട് പുളഞ്ഞ ആന പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടുന്നതിനിടെ മറ്റ് അമ്പുകള്‍ താഴെ വീണിരിക്കാം എന്നാണ് അധികൃതരുടെ നിഗമനം.
നിലവില്‍ ആന നിരീക്ഷണത്തില്‍ തുടരുകയാണെന്നും പരുക്ക് ഭേദമാകുമ്പോള്‍ കാട്ടിലേക്ക് മടക്കി അയയ്ക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അന്‍പതോളം ആനകളാണ് അസ്വാഭാവിക സാഹചര്യങ്ങളില്‍ ചരിഞ്ഞത്. ഇതില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തരും രംഗത്തുണ്ട്. ഏപ്രിൽ മാസം മുതല്‍ ഒക്‌ടോബർ വരെയുള്ള ഏഴു മാസത്തിനിടെ 56 ആനകളാണ് ഒഡീഷയിൽ ചരിഞ്ഞതെന്നാണ് വിവരം.