ഗംഗ ശുചീകരണം മോദി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി ഉയര്‍ത്തുമ്പോള്‍ രാജ്യ തലസ്ഥാനത്ത് യമുനയില്‍ വിഷപ്പത നുരഞ്ഞ് പൊങ്ങുന്നു. ശുചീകരണ പദ്ധതിയുടെ ഭാഗമായി ഗംഗക്ക് 8 വര്‍ഷത്തിനിടെ 40,000 കോടി അനുവദിച്ചിരിക്കെയാണ് യമുനയുടെ ഈ ദുരവസ്ഥ. സ്ഥിതി രൂക്ഷമായതോടെ ഗംഗ പദ്ധതിയുമായി ബന്ധിപ്പിച്ച് യമുന ശുചീകരണം ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
നിലവിലെ നീക്കങ്ങളുടെ ഫലം ഉടന്‍ അറിയാമെന്നും യമുനയിലെ ജലനിരപ്പ് ഉയര്‍ത്താനാകാത്തതാണ് പ്രധാന പ്രശ്നമെന്നും നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ, ഡി ജി രാജീവ് കുമാര്‍ മിത്തല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശുചീകരണ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ ഗംഗയിലെ ജൈവവൈവിധ്യത്തിലുണ്ടായ മാറ്റം കാണണമെന്നും രാജീവ് കുമാര്‍ മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
2014ല്‍ മോദി സര്‍ക്കരാരിന്റെ വാഗ്ദാനമായിരുന്നു ഗംഗ ശുചീകരണം. പദ്ധതി പൂര്‍ത്തിയാക്കാത്തതിലും മറ്റ് നദികളെ പരിഗണിക്കാത്തതിലും പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗംഗ ശുചീകരണ ഫണ്ട് യുപിയില്‍ മാത്രമാണ് ചിലവിട്ടതെന്നും സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന ഗംഗയുടെ ഭാഗങ്ങള്‍ മാത്രമാണ് ശുചീകരിച്ചത് എന്നും പ്രതിപക്ഷ ആരോപിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തിരക്കിട്ട ശ്രമം.
യമുന ശുചീകരണ നടപടില്‍ കേന്ദ്രം ഇതുവരെ എന്ത് ചെയ്തെന്ന പ്രതിപക്ഷ വിമര്‍ശനത്തിനും രാജീവ് കുമാര്‍ മിത്തല്‍ പ്രതികരിച്ചു. യമുനയെ ശുചീകരിക്കാനുള്ള ശ്രമം തുടരുന്നു. പ്രധാന പ്രശ്നം ആവശ്യമായ ജലനിരപ്പ് നിലനിര്‍ത്താനാകാത്തതാണ്. ഡല്‍ഹിക്ക് ശേഷം യമുന നോര്‍ത്തിലേക്ക് പോകുന്നു. ഡല്‍ഹി ജല ബോര്‍ഡ് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനുള്ള നടപടികളിലാണെന്നും അദ്ദേഹം പറഞ്ഞു.
നദീ ശുചീകരണം സുദീര്‍ഘമായ പ്രവൃത്തിയാണെന്നും ഉയരുന്ന വെല്ലുവിളികളെ നേരിടാനനുസൃതമായി മാറ്റങ്ങള്‍ വരുത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ഡിജി കൂട്ടിച്ചേര്‍ത്തു. എട്ട് വര്‍ഷമെടുത്തിട്ടും ഗംഗ ശുചീകരണം പൂര്‍ണ പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തിന് ഗംഗയുടെ നിലവിലെ സ്ഥിതി നേരിട്ട് കണ്ട് ബോധപ്പെടൂ എന്നായിരുന്നു ഡിജിയുടെ മറുപടി. 40,000 കോടി ശുചീകരണത്തിനായി അനുവദിച്ചു. 75 ശതമാനം പൂര്‍ത്തിയാക്കി. അഞ്ച് സംസ്ഥാനങ്ങളിലും ഗംഗയില്‍ വലിയ മാറ്റം ഉണ്ടായി. ജൈവവൈവിധ്യത്തിലുണ്ടായ ഉണ്ടായ മാറ്റം ഇതിന് തെളിവെന്നും അദ്ദേഹം പറയുന്നു.