ഇന്‍സ്റ്റ്രാമില്‍ പ്രത്യക്ഷപ്പെട്ട മനോഹരമായ ഒരു കണ്ണിന്‍റെ ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. വശ്യമായ ഈ കണ്ണുകള്‍ ആരുടേതാണെന്നല്ലേ?
‘സ്വീറ്റ് ഗേള്‍’ എന്ന് വിളിക്കുന്ന ഒരു തിമിംഗലമാണ് ഈ നയന മനോഹാരിതയുടെ ഉടമ. ഫ്രഞ്ച് ഫൊട്ടോഗ്രഫർ റേച്ചൽ മൂർ ആണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ ചിത്രം പകര്‍ത്തിയത്. വളരെ വേഗം സൈബര്‍ ലോകം ഈ ചിത്രം ഏറ്റെടുത്തു.
സോണി, ഗോപ്രോ, പാഡി, ഒൺലി വൺ എന്നിവയുടെ അംബാസഡറും ഓഷ്യൻ കൺസർവൻസിയുടെ 2023 ഫോട്ടോ മത്സരത്തിൽ ജഡ്ജസ് ചോയ്‌സ് അവാർഡ് ജേതാവുമാണ് റേച്ചൽ.തിമിംഗലത്തിന്‍റെ കണ്ണിന്‍റെ ക്ലോസ് ഷോട്ട് പകര്‍ത്താനായതിനെക്കുറിച്ച് റേച്ചല്‍ പറയുന്നത് ഇങ്ങനെ; ‘ഇതുപോലൊരു തിമിംഗലത്തെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല, കണ്ണിന്‍റെ അരികിലുള്ള ആ നിമിഷം എന്‍റെ സ്വപ്നങ്ങൾക്കുമപ്പുറമായിരുന്നു . എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്’ ഈ ജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും ബഹുമാനിക്കുക, അവയെ ശല്യപ്പെടുത്താതെ നിരീക്ഷിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. റേച്ചല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രകൃതി സൗന്ദര്യത്തിന്‍റെ മുഴുവന്‍ വശ്യതയെയും ആവാഹിച്ച ആ ചിത്രം പങ്കുവെച്ച് അല്‍പദിവസങ്ങള്‍ക്ക് ശേഷം തന്നെ റേച്ചലിന് മറ്റൊരു ദുഃഖ വാര്‍ത്ത കൂടി അറിയിക്കേണ്ടി വന്നു. അതിവേഗം ഓടിക്കൊണ്ടിരുന്ന ഒരു കപ്പലുമായി കൂട്ടിയിടിച്ച് ‘സ്വീറ്റ് ഗേൾ’ തിമിംഗലം ദാരുണമായി കൊല്ലപ്പെട്ടു എന്നതായിരുന്നു ആ വാർത്ത.
‘ദശലക്ഷക്കണക്കിന് ആളുകളിലേക്കാണ് സ്വീറ്റ് ഗേളിന്‍റെ ചിത്രമെത്തിയത്.അവളുടെ കഥ സ്നേഹം, ജിജ്ഞാസ എന്നിവയെക്കുറിച്ചായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാല്‍ അത് വേദനയിലും ദുരന്തത്തിലുമാണ് അവസാനിച്ചത്. മണിക്കൂറുകളോളം അവള്‍ വേദന സഹിച്ചു, ഒടുവിൽ മുറിവുകളുമായി മരണത്തിനു കീഴടങ്ങി.'
സ്വീറ്റ് ഗേൾ ഒറ്റയ്ക്കല്ല, ഓരോ വർഷവും ഇരുപതിനായിരത്തോളം തിമിംഗലങ്ങൾ കപ്പലുകളിലോ സമുദ്രയാനങ്ങളിലോ തട്ടി മരണപ്പെടുന്നുണ്ട് .‘അവളുടെ ദാരുണകഥ അർഥവത്തായ മാറ്റത്തിന് കാരണമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തിമിംഗലങ്ങളുടെ സീസണിൽ ദ്വീപുകൾക്ക് ചുറ്റുമുള്ള വേഗപരിധി സംബന്ധിച്ച് നിയന്ത്രണങ്ങൾ ആവശ്യമാണ്’ റേച്ചല്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പ് കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് ആളുകള്‍ സ്വീറ്റ് ഗേളിന്‍റെ കഥ പങ്കുവെച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ ഒരു നോവു ബാക്കിയായാണ് അവളുടെ ചിത്രങ്ങള്‍ പങ്കുവെക്കപ്പെടുന്നത്. ഈ സംഭവം വംശനാശഭീഷണി നേരിടുന്ന തിമിംഗലത്തെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സമുദ്രസംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണിപ്പോള്‍.