രണ്ട് പെണ്‍കുട്ടികള്‍ ഭരതനാട്യത്തിന് ചുവടുവയ്ക്കുമ്പോള്‍ അതിനൊപ്പം ചുവടുവയ്ക്കുന്ന ആന! ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിഡിയോയായിരുന്നു ഇത്. യുവതികള്‍ക്ക് പുറകിലായി ‘താളം പിടിച്ച്’ തലയാട്ടുന്ന ആനയുടെ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പ് ആനപ്രേമികളും ഏറ്റെടുത്തു. പക്ഷേ ഈ വിഡിയോയ്ക്ക് പുറകില്‍ നോവുന്ന ഒരു സത്യം ആരുമറിയാതെ കിടപ്പുണ്ടെന്ന് മാത്രം!
ദൃശ്യത്തിലെ ആനയുടെ പെരുമാറ്റത്തിന്‍റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ്. അത് ആന താളം പിടിച്ചതല്ല മറിച്ച്, ആ ജീവി അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്‍റെ ലക്ഷണമാണെന്ന് അദ്ദേഹം വിഡിയോ പങ്കുവച്ച് എക്സില്‍ കുറിച്ചു. ആളുകള്‍ക്ക് കാര്യം കൂടുതല്‍ വ്യക്തമാകുന്നതിനായി സമാനമായ മറ്റൊരു വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
‘ഇത് മറ്റൊരു ഉദാഹരണമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പകര്‍ത്തിയ പിടിയാനയുടെ ദൃശ്യമാണിത്. പ്രസവിച്ച ശേഷം കുഞ്ഞിനൊപ്പം നില്‍ക്കുന്ന ആനയുടെ അടുത്തേക്ക് ഞങ്ങള്‍ ചെല്ലുമ്പോള്‍ അവളില്‍ മാനസിക സമ്മര്‍ദം വര്‍ധിക്കുകയായിരുന്നു. നമുക്ക് മൃഗങ്ങളെ മനുഷ്യരാക്കേണ്ട ആവശ്യമില്ല, അവർക്ക് അവരുടേതായ ജീവിതവും പെരുമാറ്റ രീതിയുമുണ്ട്’ വിഡിയോ പങ്കിട്ട് അദ്ദേഹം കുറിച്ചു. കുട്ടിയാനയുടെ അരികില്‍ തുടര്‍ച്ചയായി തലയാട്ടിക്കൊണ്ട് നില്‍ക്കുന്ന തള്ളയാനയുടെ ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് അദ്ദേഹം പങ്കിട്ടത്.
ജീവികളുടെ ഇത്തരം പെരുമാറ്റങ്ങള്‍ അവര്‍ക്കുള്ളിലെ അസ്വസ്ഥതയോ ഉത്കണ്ഠയോ പ്രതിഫലിപ്പിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആനകൾ സമ്മർദത്തിലാകുമ്പോൾ ഇവര്‍ തലയാട്ടുമെന്നും മൃഗശാലകളിൽ വന്യജീവികൾ കൂട്ടിനകത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ഈ സ്വഭാവത്തിന്‍റെ ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു. ചങ്ങലയ്ക്കിടുന്ന ഭൂരിഭാഗം ആനകളും ഈ സ്വഭാവം കാണിക്കുന്നതായി പഠനങ്ങളുണ്ട്.