കരിമ്പുലികളും പുള്ളിപ്പുലികളും ഒന്നാണെന്ന് അറിയാമോ? കരിമ്പുലിയെന്നാൽ കരുത്തനും ക്രൂരനുമായ ഒരു പുലി വിഭാഗം ആണെന്ന് കരുതിയാൽ തെറ്റി. രണ്ടും ഒന്നാണ്. അതായത് കരിമ്പുലിയിൽ നിന്ന് പുള്ളിപ്പുലിയും പുള്ളിപ്പുലിയിൽ നിന്ന് കരിമ്പുലിയും ഉണ്ടാകും.
കരിമ്പുലിയെങ്ങനെ കരിമ്പുലിയായി?
നമ്മുടെ മുടിയ്ക്കും ത്വക്കിനും ഉൾപ്പെടെ കറുപ്പ് നിറം നൽകുന്ന വർണവസ്തുവാണ് മെലാനിൻ എന്ന് പഠിച്ചത് ഓർമ ഉണ്ടല്ലോ. ജനിതകപരമായി ആ മെലാനിന്റെ അളവ് കൂടിയ പുള്ളിപ്പുലികളാണ് കരിമ്പുലികൾ. അതായത് കരിമ്പുലികളെ സൂക്ഷിച്ചു നോക്കിയാൽ കറുപ്പ് നിറത്തിന് ഇടയിൽ പുള്ളികൾ കാണാം.
എണ്ണത്തിൽ കുറവാണെങ്കിലും കേരളത്തിലും കരിമ്പുലികളെ കാണാറുണ്ട്. മഹാരാഷ്ട്രയിലെ തടോബ അന്ധാരി ടൈഗർ റിസർവിൽ കാണപ്പെടുന്ന കരിമ്പുലികൾക്ക് ഇളം ബ്രൗൺ നിറമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അവയുടെ ശരീരത്തിലെ പുള്ളികൾ വളരെ കൃത്യമായി കാണാൻ സാധിക്കും. പുള്ളിപ്പുലികളിൽ മാത്രമല്ല മറ്റൊരു പുലി വിഭാഗമായ ജാഗ്വാറുകളിലും ഈ പ്രതിഭാസം കാണാം. മെലാനിൻ അളവ് കൂടിയ കടുവകളെയും അത്യപൂർവമായി കാണാറുണ്ട്.
ഒഡിഷയിലെ സിമിലിപാൽ ടൈഗർ റിസർവിൽ മാത്രമാണ് ഇത്തരം കടുവകളെ കണ്ടെത്തിയിട്ടുള്ളത്. അവ പക്ഷെ മുഴുവനും കറുപ്പ് നിറത്തിൽ ഉള്ളവയല്ല, ശരീരത്തിന്റെ പല ഭാഗങ്ങളിൽ കറുപ്പ് നിറം കൂടുതലായി കാണപ്പെടുന്നവയാണ്.
വെള്ളപ്പുലികൾ ഉണ്ടോ?
മെലാനിന്റെ അളവ് ശരീരത്തിൽ വളരെയധികം കുറഞ്ഞ അവസ്ഥയാണ് ആൽബിനിസം. ഇത് ബാധിച്ച ജീവികളുടെ ത്വക്ക്, മുടി, കൺപീലി എന്നിവയെല്ലാം വെളുത്ത നിറത്തിൽ കാണപ്പെടും. അപൂർവങ്ങളിൽ അപൂർവമായി പുലികളിലും ഈ അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതായത് കരിമ്പുലികളെക്കാൾ അപൂർവമാണ് വെള്ളപ്പുലികൾ. ഇതേ അവസ്ഥ കടുവകളിലും കാണപ്പെടാറുണ്ട്. പല മൃഗശാലകളിലും വെള്ളക്കടുവകളെ കണ്ടവരുണ്ടാകുമല്ലോ. ( ആൽബിനിസം ബാധിച്ച മനുഷ്യരും നമുക്കിടയിലുണ്ട് ).
എണ്ണത്തിൽ വളരെ കുറവായത് കൊണ്ടുത്തന്നെ കരിമ്പുലിയായാലും വെള്ളക്കടുവയായാലും സംരക്ഷിച്ചു നിർത്തേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്, നമ്മുടെ കടമയാണ്.