isa-fatima2

വിശപ്പുമാറ്റാന്‍ പണം വേണമെന്നില്ല. അയ്യമിട്ട് ഉണ്‍ എന്ന ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തിയാല്‍ വിശപ്പുമാറ്റാം. അതും സൗജന്യമായി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു പങ്ക് നല്‍കുക എന്ന ആശയത്തിലൂന്നി ചെന്നൈയില്‍ വിജയകരമായി നടപ്പാക്കിയ ഈ പദ്ധതിയുടെ പിന്നില്‍ ഇസ ഫാത്തിമ ജാസ്മിന്‍ എന്ന യുവ വനിത ഡോക്ടറാണ്.

 

വിശപ്പിനേക്കാള്‍ വലുതല്ലല്ലോ മരണം എന്ന ചോദ്യം ഏറെ ചര്‍ച്ച ചെയ്യുന്ന കാലത്താണ് അയ്യമിട്ട് ഉണ്‍ എന്ന ഭക്ഷണ വിതരണ സംവിധാനത്തെ കുറിച്ച് പറയുന്നത്. വഴിയരികില്‍ മുഴുവന്‍ ദിവസവും തുറന്നിരിക്കുന്ന ഫ്രിജില്‍  കഴിക്കാനെന്തെങ്കിലും ഉണ്ടാകും. വിശക്കുന്ന വയറിന് ആശ്വാസം നല്‍കുന്ന പദ്ധതിയിലൂടെ ഇസ ഫാത്തിമ ജാസ്മിന്‍ നടന്നുകയറുന്നത് ജനഹൃദയങ്ങളിലേക്കാണ്. അധികമുള്ളതും കഴിക്കാന്‍ പറ്റുന്നതുമായ ഭക്ഷണം ആര്‍ക്കുവേണമെങ്കിലും ഫ്രിജില്‍ എത്തിക്കാം. കൂടുതല്‍ ഭക്ഷണമുണ്ടെന്നറിയിച്ചാല്‍ വോളന്‍റിയര്‍മാരെത്തി ശേഖരിച്ച് ഫ്രിജില്‍ വെക്കും. ഈ ഭക്ഷണം തേടി നൂറുകണക്കിന് പേരാണ് എത്തുന്നത്. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍,പുസ്തകങ്ങള്‍ തുടങ്ങിയവയും ഇത്തരത്തില്‍ വിതരണം ചെയ്യുന്നുണ്ട്.

 

പ്രതിസന്ധകള്‍ ഏറെ അതിജീവിച്ചാണ് ദന്ത ഡോക്ടറായ ഇസ ഫാത്തിമ സ്വപ്ന പദ്ധതി യാഥാര്‍ഥമാക്കിയത്. ജോലിത്തിരക്കുകള്‍ക്കിടയിലും എല്ലാ ദിവസവും ഡോക്ടര്‍ വിശപ്പുമാറിയവരുടെ കഥയറിയാനെത്തും . വനിതകള്‍ സംഘടിച്ച് ശക്തരാകണമെന്ന് ഇസ ഫാത്തിമ. ചെന്നൈയില്‍ മൂന്നിടത്തും ബെംഗളൂരുവില്‍ ഒരിടത്തുമാണ് ഇപ്പോള്‍ സേവനമുള്ളത്