thoothukudi-sterlite-company

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനി അടച്ചുപൂട്ടുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം.  പ്ലാന്റിലേക്കുള്ള ജലവൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചത് ഇതിന്റെ ആദ്യപടിയാണെന്ന് ജില്ലാ കലക്ടര്‍ സന്ദീപ് നന്തൂരി വ്യക്തമാക്കി.  ചുമതലയേറ്റ ആദ്യം ദിവസംതന്നെ തൂത്തുക്കുടിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സന്ദീപ് നന്തുരി തുടക്കമിട്ടു. അതിന്‍റെ ഭാഗമായി  വിവിധ  സംഘടനകളുമായി ‍ ചര്‍ച്ച നടത്തി. 

 

വെടിവയ്പ്പിനും പൊലീസ് അതിക്രമങ്ങള്‍ക്കും ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട കലക്ടര്‍ സന്ദീപ് നന്തുരി തൂത്തുക്കുടിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. സ്റ്റെര്‍ലൈറ്റ് ഫാക്ടറി ഇനി തുറക്കില്ലെന്ന ഉറപ്പാണ് അതില്‍ പ്രധാനം. 

 

13പേര്‍ കൊല്ലപ്പെട്ടുവെന്നും 102പേര്‍ക്ക് പരുക്കേറ്റെന്നുമുള്ള ഒൗദ്യോഗിക കണക്കും പുറത്തുവിട്ടു. 34 പൊലീസുകാര്‍ക്കും പരുക്കേറ്റു. 98 വാഹനങ്ങള്‍ അഗ്നിക്കിരയായി. കലക്ടറുടെ ഒാഫിസില്‍  മാത്രം 29 ലക്ഷത്തിന്‍റെ നാശനഷ്ടം. ബസ് സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും. എന്നാല്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതാരെന്ന ചോദ്യത്തിനുമാത്രം മറുപടിയില്ല

 

അറസ്റ്റിലായ 64പേരും റിമാന്‍ഡിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോടതി ഉത്തരവിന് വിധേയമായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.