burar-home-gif

ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവം കൊലപാതകം തന്നെയാണെന്ന് ആവർത്തിച്ച് ബന്ധുക്കൾ. ബന്ധുക്കളുടെ ആവശ്യപ്രകാരം കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടന്നത് കൊലപാതകം തന്നെയാണ് എന്നതിന് ഭാട്ടിയ കുടുംബത്തിൻറെ ബന്ധുക്കൾ പറയുന്ന കാരണങ്ങൾ ഇവ:

ഒന്നിലധികം കയ്യക്ഷരങ്ങളിൽ എഴുതപ്പെട്ട ഡയറികളുടെ ആധികാരികത ഇതുവരെയും ഉറപ്പു വരുത്തിയിട്ടില്ല. 2.5 അടി ഉയരമുള്ള സ്റ്റൂളിൽ കയറി നിന്നാണ് ഇവർ കയറിൽ തൂങ്ങിയതെന്നു പറയുന്നു. എന്നാൽ മൃതദേഹങ്ങളെല്ലാം നിലത്ത് മുട്ടുന്ന നിലയിലായിരുന്നു കിടന്നത്. സംഭവം നടന്ന അന്നു പുലർച്ചെ 2 മണി മുതൽ 4 മണി വരെ പവർകട്ട് ആയിരുന്നു. സംഭവം നടന്ന അന്നും അതിനു മുൻപുള്ള ദിവസവും സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. 2 ദിവസമായി സിസിടിവി ക്യാമറയുടെ വയറുകൾ നീക്കം ചെയ്ത അവസ്ഥയിലായിരുന്നു. അതികൊണ്ടുതന്നെ ആ രണ്ടു ദിവസങ്ങളിൽ അവിടെ നടന്നതെന്തെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. 

അന്ന് കാവൽനായ കുരച്ചില്ല, അതിനെ ആരോ ടെറസിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. മരിച്ച നാരായണീദേവിയുടെ കഴുത്തിൽ ആരോ ബെൽറ്റ് മുറുക്കിയ പാടുകൾ ഉണ്ടായിരുന്നു. മരിച്ച പ്രതിഭ ഭാട്ടിയയുടെ കഴുത്തിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു. 

മരണം നടന്ന വീട്ടിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല. ഭാട്ടിയ കുടുംബം അന്ധവിശ്വാസമുള്ളവരായിരുന്നില്ലെന്നും അവർ താന്ത്രിക് പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതായി യാതൊരറിവുമില്ലെന്നും അയൽവാസികളിൽ ചിലർ ഉറപ്പിച്ചു പറയുന്നു. വളരെ സാധാരണക്കാരായ മധ്യവർത്തി കുടുംബം ആയിരുന്നു ഇവരുടേതെന്നും ഇവർ കൂട്ടിച്ചേര്‍ക്കുന്നു. 

burari-crime

അതേസമയം ബുരാരി നിവാസികളിൽ ചിലർ ഇപ്പൊഴും ആശങ്കയിലാണ്.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല ഇവര്‍ക്ക്. വീടിന്‍റെ സ്ഥാനത്ത് അമ്പലം പണിയണമെന്നും വരെ പ്രദേശവാസികളിൽ ചിലർ പറയുന്നു. 

വീടും പരിസരവും ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. പൊലീസിന്‍റെ നിരന്തര സാന്നിധ്യം ഇവിടുത്തെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചിലരാകട്ടെ ഇവിടം വിട്ടുപോകാനുള്ള ഒരുക്കത്തിലുമാണ്. ചിലർ ഇതിനോടകം നാടുവിട്ടു. ഇതുവഴി പോകുന്ന യാത്രക്കാർ ഇപ്പോഴും തിരക്കുന്നത് മരണത്തിനു പിന്നിലെ ദുരൂഹതയെക്കുറിച്ചാണ്. ചിലർ വണ്ടി നിര്‍ത്തി ചിത്രങ്ങളെടുക്കുന്നു. 

burari-house-gif

എന്നാല്‍ വീട് എന്തു ചെയ്യണമെന്ന് തങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിന്തുടർച്ചാവകാശത്തെക്കുറിച്ച് പൊലീസ് യാതൊന്നും പറ‍ഞ്ഞിട്ടില്ലെന്നും ലളിത് ഭാട്ടിയയുടെ ബന്ധു കേതൻ നാഗ്പാൽ പറയുന്നു. സംസ്കാരച്ചടങ്ങുകൾക്കു ശേഷം ബന്ധുക്കൾ സ്വദേശത്തേക്ക് തിരിച്ചുപോയി. തങ്ങളാരും തന്നെ ബുരാരിയിലെ വീട്ടിൽ താമസിക്കാനുള്ള സാധ്യതയില്ലെന്നും ഇവർ പറയുന്നു.