എട്ടുവയസുകാരിയുടെ തലച്ചോറിൽ നിന്നും ഡോക്ടർമാർ കണ്ടെത്തിയത് നൂറോളം നാടവിരകളുടെ മുട്ടകൾ. ആറു മാസത്തോളം തലവേദനയും മറ്റ് അസ്വസ്ഥതകളുമായി കഴിഞ്ഞ കുട്ടിയെ മാതാപിതാക്കൾ ന്യൂ ഡൽഹിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോഴാണ് ഇത് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ തലച്ചോറിൽ നിന്നും വിരമുട്ടകൾ നീക്കം ചെയ്തു. സി ടി സ്കാനിന് വിധേയമാക്കിയപ്പോഴാണ് വിരകളുടെ മുട്ട തലച്ചോറിൽ കണ്ടെത്തിയത്. വയറിൽ നിന്നും രക്തത്തിലൂടെയാകാം തലച്ചോറിൽ എത്തിയതെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ഇതിലൂടെ ന്യൂറോസിസ്റ്റിസിറോസിസ് രോഗബാധിതയാകുകയായിരുന്നു കുട്ടി. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം നാടവിരയാണ് കേന്ദ്രനാ‍‍‍ഡിവ്യൂഹത്തിൽ അണുബാധയുണ്ടാക്കി എപ്പിലപ്സിയ്ക്ക് കാരണമാകുന്ന ഏറ്റവും വലിയ ഘടകം. ഇത് തലച്ചോറിലെത്തിയാൽ കടുത്ത തലവേദനയും ശന്നിയുമാണ് ലക്ഷണങ്ങൾ. തലച്ചോറിൽ നീർവീക്കം ഉണ്ടാകുന്നതാണ് കാരണം. ഛർദ്ദി, തളർച്ച, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്മ, ക്ഷീണം, വിറ്റാമിനുകളുടെ കുറവ് എന്നിവയാണ് നാടവിരകൾ ശരീരത്തിലെത്തിയാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ.

ആഹാരത്തിലൂടെയാണ് ഇത്രയും വിരകൾ ഉള്ളിലെത്താൻ കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.  ആശുപത്രിയിൽ എത്തിക്കുന്ന സമയം കുട്ടി അബോധാവസ്ഥയിലായിരുന്നു. നന്നായി കഴുകാത്ത പഴങ്ങൾ, പച്ചകറികൾ എന്നിവ കഴിക്കുന്നതും നന്നായി പാകം ചെയ്യാത്ത ഇറച്ചി കഴിക്കുന്നതും എല്ലാം നാടവിര ഒരാളുടെ ശരീരത്തിൽ എത്താൻ കാരണമാകും. 'വളരെ മിടുക്കിയായിരുന്ന ഞങ്ങളുടെ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് കരുതിയില്ല. ഭാഗ്യത്തിന് ഇപ്പോഴെങ്കിലും ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് അവളെ രക്ഷിക്കാനായി'. കുട്ടിയുടെ അച്ഛൻ പറഞ്ഞതായി ആശുപത്രി അധികൃതർ പറയുന്നു.