രാജ്യത്ത് പശുവിന്റെ പേരിൽ അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതക പരമ്പര അവസാനിക്കുന്നില്ല. ഹരിയാനയിലും പശുവിനെ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. നാലുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. 25 കാരനെയാണ് ഇവർ അടിച്ചുകൊന്നത്.
ഹരിയാനയിലെ പൽവാൾ ജില്ലയിലെ ബഹ്റോള ഗ്രാമത്തിലാണ് സംഭവം. രാത്രിയിൽ പശുവിനെ മോഷ്ടിക്കാൻ എത്തിയവരെന്ന് ആരോപിച്ചാണ് സംഘം ചേർന്ന് മർദിച്ചത്. കൈയും കാലും കെട്ടിയിട്ടാണ് യുവാവിനെ മർദിച്ചത്. യുവാവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇവരെയും മർദിച്ചു. എന്നാൽ പരുക്കുകളോടെ ഇവർ രക്ഷപെട്ടു.
പൊലീസ് സംഭവത്തില്‍ മൂന്നുപേർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പ്രതികളെ അധികം വൈകാതെ പിടികൂടുമെന്നും കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ബീർ സിങ്, പ്രകാശ്, രാം കിഷൻ എന്നിവരാണ് പ്രതികൾ.
രാജസ്ഥാനിലെ ആൾവാറിൽ 28–കാരനായ രക്ബർ ഖാനെ പശുക്കടത്തിന്റെ പേരിൽ ആൾക്കൂട്ടം തല്ലിക്കൊന്നത് രണ്ട് ആഴ്ച മുമ്പാണ്. ഇതിന്റെ നടുക്കം മാറും മുമ്പാണ് സമാനമായ കൊലപാതകം വീണ്ടും അരങ്ങേറിയിരിക്കുന്നത്.