മൂന്നാഴ്ചകൾക്കുമുന്‍പാണ് ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചക്കിടെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചത്. സംഭവത്തിൽ മോദിയെയും രാഹുലിനെയും പരിഹസിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരിക്കുകയാണ്.
''പ്രധാനമന്ത്രി മോദിയും രാഹുലും സിംഗിളാണ്. രണ്ടുപേർക്കും കെട്ടിപ്പിടിക്കാൻ വീട്ടിലാരുമില്ല. അതുകൊണ്ടാണ് അവർ മറ്റുള്ളവരെ കെട്ടിപ്പിടിക്കാൻ നടക്കുന്നത്'', ഒവൈസി പരിഹസിച്ചു.
ജൂതന്മാരെ വധിക്കുന്നതിന് മുൻപ് ഹിറ്റ്ലറും അവരെ ആലിംഗനം ചെയ്തെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. ''പന്ത്രണ്ട് ലക്ഷത്തോളം ജൂതന്മാരാണ് ഹിറ്റ്ലറെ ആലിംഗനം ചെയ്തത്. എന്നിട്ടും ഗ്യാസ് ചേംബറുകളിൽ കൊല്ലപ്പെടാനായിരുന്നു അവരുടെ വിധി.''
''പശുവിന്റെ പേരിൽ ആളുകൾ ആക്രമിക്കപ്പെടുന്നു. മോദിക്കെതിരെ പൊരുതുന്നു, എന്നിട്ടും നിങ്ങളെന്താണ് ചെയ്യുന്നത്? അയാളെ കെട്ടിപ്പിടിക്കുന്നു,'' ഒവൈസി വിമർശിച്ചു.
അസം പൗരത്വവിവാദത്തിൽ ബിജെപിക്കെതിരെയും മോദിക്കെതിരെയും ഒവൈസി ആഞ്ഞടിച്ചു. മുസ്‌ലിം വിഭാഗത്തിനുനേരെ നടക്കുന്ന ആക്രമണങ്ങളിലും ഒവൈസി അതൃപ്തി രേഖപ്പെടുത്തി.
''പശുവിന്റെ പേരിൽ കൊലപ്പെടുത്തിയാലോ, ഭക്ഷണം ഇല്ലാതാക്കിയാലോ, ഞങ്ങളെ മതത്തിൽ നിന്ന് അകറ്റാനാകില്ല. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുതരുന്നുണ്ട്. ഇനിയും നീളത്തിൽ ഞങ്ങൾ താടി വളർത്തും', ഹരിയാനയിൽ യുവാവിന്റെ താടി നിർബന്ധിച്ച് വടിച്ചുമാറ്റിയതിനെതിരെ ഒവൈസി പ്രതികരിച്ചു.
2019 ലോകസഭ് തിരഞ്ഞെടുപ്പിൽ തങ്ങളെ തോൽപ്പിക്കാൻ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു ഒവൈസി.