കളളക്കടത്ത് വിപണിയില്‍ 9 കോടി രൂപയോളം വിലയുളള പാമ്പുമായി ഒരാൾ പിടിയിൽ. മുര്‍ഷിദാബാദ് ജില്ലയിലെ ഫറഖ പ്രദേശത്ത് നിന്നാണ് പ്രതിയെ പശ്ചിമബംഗാള്‍ പൊലീസ് പിടികൂടിയത്. ഗെക്കോ വിഭാഗത്തില്‍ പെട്ട തക്ഷക് പാമ്പിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്. ഇഷാ ഷൈഖ് എന്നയാളാണ് പിടിയിലായത്. പാമ്പിന് ഒൻപതു കോടിയോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തിയതിനെ തുടർന്ന് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. വെളളിയാഴ്ച്ച രാവിലെയാണ് പ്രതിയെ പിടികൂടുന്നത്. വളരെ അപൂര്‍വ്വയിനം പാമ്പാണിത്.മാള്‍ഡ ജില്ലയിലെ കലിയാചൗകിലെ വനമ്പ്രദേശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഝാര്‍ഖണ്ഡില്‍ നിന്നുളള കളളക്കടത്ത് സംഘവുമായി പ്രതി ബന്ധപ്പെട്ടിരുന്നു. കളളക്കടത്ത് സംഘത്തിന് പാമ്പിനെ കൈമാറാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റ്. കളളക്കടത്ത് സംഘവും മുര്‍ഷിദാബാദില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ പിടികൂടാനായില്ല.
പാമ്പിനെ കൈമാറുന്നതിന് തൊട്ടു മുൻപായിരുന്നു അറസ്റ്റ്. പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് പൊലീസ് കൈമാറി. പാമ്പിനെ കാട്ടിൽ വിട്ടതായും വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയതാൽ കളളക്കടത്ത് സംഘത്തെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഇപ്പോൾ.