bala-sai-baba

 

വിവാദ ആൾദൈവം ബാല സായി ബാബ (58) മരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മാജിക് ബാബയെന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുമെന്നാണ് ഭക്തര്‍ അവകാശപ്പെട്ടിരുന്നത്. കൂടാതെ, അന്തരീക്ഷത്തില്‍ നിന്ന് കൈവീശി, ആഭരണങ്ങള്‍ എടുക്കാനും ഇദ്ദേഹത്തിന് കഴിവുണ്ടെന്നാണും പിന്തുടരുന്നവർ വിശ്വസിച്ചിരുന്നു. 

 

ഇത്തരത്തിലുള്ള കണ്‍കെട്ട് വിദ്യകളിലൂടെ വലിയ തോതിൽ സ്വാധീനം ചെലുത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.  

 

ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ജനിച്ച ബാല സായി ബാബ, പിന്നീട് തെലങ്കാനയിലും ആന്ധ്രയിലും  പ്രശസ്തിയുള്ള ആള്‍ദൈവമായി മാറുകയായിരുന്നു. കുര്‍ണൂലിലും ഹൈദരാബാദിലുമായി രണ്ട് ആശ്രമങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. ഇതിനിടെ ഭൂമി കയ്യേറിയ കേസിലും, ചെക്ക് കേസിലും ഉള്‍പ്പെട്ടതോടെ ബാബ വിവാദങ്ങളിലും നിറഞ്ഞുനിന്നു. കുര്‍ണൂലിന് പുറത്തുള്ള ബാലസായി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചായിരിക്കും മരണാനന്തര ചടങ്ങുകള്‍ നടക്കുകയെന്നാണ് ആശ്രമവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വിദേശത്തും ഇദ്ദേഹത്തിന് ധാരാളം ഭക്തർ ഉണ്ടായിരുന്നു.