ഹനുമാനെ തൊട്ടാൽ ബിജെപി ഇനി വിവരമറിയുമെന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബാർ. ഹനുമാനെ രാഷ്ട്രീയമായി ഉപയോഗിച്ചതു കൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണം നഷ്ടമായതെന്ന് രാജ് ബബ്ബാര്‍ കുറ്റപ്പെടുത്തി. 

 

അദ്ദേഹം വാല് കൊണ്ട് സ്പര്‍ശിച്ചപ്പോള്‍ത്തന്നെ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടമായി. ഇനി നിങ്ങളുടെ ലങ്ക തന്നെ കത്തിച്ചാമ്പലായെന്ന് വരാം-രാജ് ബബ്ബാര്‍ പറഞ്ഞു.യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അടക്കം രാഷ്ട്രീയ നേട്ടത്തിനായി നിരന്തരം ഹനുമാന്റെ ജാതി പരാമര്‍ശിച്ച് അദ്ദേഹത്തെ കരുവാക്കുന്നതിനെതിരെയാണ് രാജ് ബബ്ബാര്‍ രംഗത്തു വന്നത്.

 

ഹനുമാന്റെ ജാതി പറഞ്ഞ് ആദ്യം രംഗത്തെത്തിയത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു. ഹനുമാന്‍ ആദിവാസി ദളിതന്‍ ആണെന്നും അതുകൊണ്ട് ഓരോ ആദിവാസിയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദിവാസികളുടെ വോട്ട് പിടിക്കാനുള്ള അല്‍വാറിലെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. 

 

റംസാന്‍, റഹ്മാന്‍, കുര്‍ബാന്‍ തുടങ്ങി മുസ്ലിം പേരുകള്‍ക്കുള്ള സാദൃശ്യം വെച്ച് ഹൈന്ദവ ദൈവമായ ഹനുമാന്‍ മുസ്ലിമാണെന്നായിരുന്നു ബിജെപി എംഎല്‍എ ബുക്കല്‍ നവാബിന്റെ കണ്ടെത്തല്‍. എന്നാല്‍ ഹനുമാന്‍ ശരിക്കും ജാട്ട് വിഭാഗക്കാരനായിരുന്നു എന്ന വാദമായിരുന്നു ഉത്തര്‍പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ ഉന്നയിച്ചത്. എല്ലാ പ്രശ്നങ്ങളിലും എടുത്തുചാടുന്ന ജാട്ടുകളെപ്പോലെയാണ് ഹനുമാനെന്നും മന്ത്രി പറഞ്ഞിരുന്നു

എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമാണ് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന.