adil-ahmed

കശ്മീരിലെ പുൽവാമയില്‍ ഭീകരാക്രമണം നടത്തിയ ഭീകരൻ ആദിൽ അഹമ്മദിനെ കഴിഞ്ഞ 2 വർഷത്തിനിടെ കസ്റ്റ‍ഡിയിലെടുത്തത് 6 തവണ. എന്നാൽ ഓരോ തവണയ‌ും കേസ് രജിസ്റ്റര്‍ ചെയ്യാതെ വെറുതേ വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നും കല്ലേറ് നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് 6 തവണ ആദിലിനെ കസ്റ്റഡിയിലെടുത്തത്. 2016 സെപ്റ്റംബറിനും 2018 മാര്‍ച്ചിനും ഇടയിലായിരുന്നു ഇതെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ‌യിലെ ഉന്നത ഉദ്യോഗസ്ഥരും പുല്‍വാമ പൊലീസ് വൃത്തങ്ങളും പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഒറു ഘട്ടത്തിലും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയില്ല. റിപ്പോർട്ട് പുറത്തു വന്നതോടെ ഇന്‍റലിജൻസിന്‍റെ അനാസ്ഥയെക്കുറിച്ച് ചോദ്യങ്ങളുയരുകയാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരൂഹതയാരോപിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്.

2016ലാണ് ആദില്‍ ലഷ്‌കറിനുവേണ്ടി പ്രവര്‍ത്തനം തുടങ്ങിയത്. കശ്മീരിൽ നുഴഞ്ഞു കയറ്റം നടത്തുന്ന ലഷ്‌കര്‍ തീവ്രവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുകയും ആവശ്യമുള്ള സഹായങ്ങൾ ചെയ്തുനല്‍കുകയും ചെയ്തിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍മാർക്കും സംഘടനയിൽ ചേരാനാഗ്രഹിക്കുന്ന യുവാക്കളേയും തമ്മിലുള്ള ഇടനിലക്കാരനായും ആദിൽ പ്രവർ‌ത്തിച്ചെന്ന് പുല്‍വാലയിലെ പൊലീസ് ഓഫീസര്‍ പറയുന്നു.

ആദിൽ തീവ്രവാദ പ്രവർത്തനങ്ങൾ നിർത്തി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ആദിലിന്റെ അമ്മ വ്യക്തമാക്കിയിരുന്നു. തീവ്രവാദം ഉപേക്ഷിക്കാൻ ഞങ്ങൾക്ക് ആകുന്നതെല്ലാം ഞങ്ങൾ ചെയ്തുവെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്ന് ആദിലിന്റെ അമ്മ അവകാശപ്പെടുന്നു.

ആദിലിന്റെ ദേശമായ പുല്‍വാമയിലെ കകപോരയിയുള്ള എല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്. ഗ്രാമത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ റോഡില്‍ സുരക്ഷാസേനകളുണ്ട്. കകപോര ഗ്രാമത്തിൽ മൃതദേഹമില്ലാതെ പ്രതീകാത്മകമായി ആദിലിന്റെ ശവസംസ്കാര ശുശ്രൂഷകൾ നിർവഹിക്കുകയായിരുന്നു മാതാപിതാക്കൾ. നിയന്ത്രണങ്ങൾ വകവയ്ക്കാതെ നിരവധിയാളുകൾ പ്രതീകാത്മകമായ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതും അധികൃതരിൽ സംശയം ഉണർത്തി.

പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രത്യേകമായി നിര്‍മിച്ച സ്ഫോടകശേഖരമാണ് ഭീകരാക്രമണത്തിന് ഉപയോഗിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 40 ജവാൻമാരാണ് കൊല്ലപ്പെട്ടത്.