കാർഗിൽ പോരാട്ട സമയത്ത് പാക്കിസ്ഥാൻ പിടികൂടിയ ഇന്ത്യയുടെ ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ. നചികേതയെ മോചിപ്പിച്ചത് എട്ടാം ദിവസം.  ചിലർ മോശമായി പെരുമാറിയെങ്കിലും തന്നെ ചോദ്യം ചെയ്ത എയർ കമഡോർ കൈസർ തുഫൈലിന്റെ ഇടപെടലും സൗമ്യമായ പെരുമാറ്റവും സ്ഥിതി മെച്ചപ്പെടുത്തിയെന്ന് നചികേത പിന്നീട് അനുസ്മരിച്ചു. 

1999-ലെ കാര്‍ഗില്‍ യുദ്ധകാലത്ത് വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് മിഗ് 27 വിമാനത്തിലെ പൈലറ്റായിരുന്ന 26 വയസുകാരനായ കെ.നചികേതയെ പാക്കിസ്ഥാൻ പിടികൂടിയിരുന്നു. യന്ത്രത്തകാരിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ നചികേത നിർബന്ധിതനാകുകയായിരുന്നു. വിമാനം നിലത്തിറക്കിയതോടെ നചികേതയെ പാക് സൈന്യം വളഞ്ഞു. 

നയതന്ത്ര നീക്കത്തിനൊടുവിലാണ് നചികേതയെ നാട്ടിൽ തിരിച്ചെത്തിച്ചത്. പാക് സൈന്യത്തിന്റെ പിടിയിലായ പൈലറ്റിനെ മോചിപ്പിക്കാനായി നയതന്ത്രനീക്കം നടത്താനുളള ചുമതല ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന ജി പാര്‍ത്ഥസാരഥിക്കായിരുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 1999 ൽ നടത്തിയ നയതന്ത്ര നീക്കത്തെ കുറിച്ച് പാർത്ഥസാരഥി തുറന്നു പറഞ്ഞത്. 

പിടിയിലാകുന്ന സൈനികരെ അപമാനിക്കുകയെന്നത് പാക്കിസ്ഥാന്റെ രീതിയാണ്. 'നിങ്ങളുടെ പൈലറ്റിനെ പിടികൂടിയിട്ടുണ്ടെന്നും വേഗം ഇവിടെയെത്തി കൂട്ടിക്കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണ് എനിക്കൊരു ഫോൺ കോൾ ലഭിച്ചു. പൈലറ്റിന്റെ മോചനം പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ആ ഫോൺ കോളിന്റെ കാതൽ. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥനെ പരിഹസിക്കുന്നത് കാണാന്‍ താല്‍പര്യമില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് ഫോൺ ചെയ്ത ആളോട് താൻ വ്യക്തമാക്കിയെന്നും പാർത്ഥസാരഥി പറയുന്നു. 

തന്റെ പ്രതികരണം അക്ഷരാർത്ഥത്തിൽ അവരെ ഞെട്ടിച്ചു. ജനീവ ഉടമ്പടി അനുസരിച്ച് യുദ്ധ സമയത്ത് പാലിക്കേണ്ട മനുഷ്യത്വപരമായ നടപടികളെക്കുറിച്ച് ഞാന്‍ അവരെ ഓര്‍മ്മിപ്പിപ്പിച്ചു.അന്ന് വൈകീട്ട് തന്നെ പൈലറ്റിനെ അവർ ഇന്ത്യയ്ക്ക് കൈമാറി. പിറ്റേന്നു രാവിലെ വാഗാ അതിര്‍ത്തി വഴിയാണ് പൈലറ്റുമായി താന്‍ ഇന്ത്യയിലെത്തിയതെന്നും പാര്‍ത്ഥസാരഥി പറഞ്ഞു.

പിടികൂടി 8ാം ദിവസം രാജ്യാന്തര റെഡ്ക്രോസ് സമിതിയിലൂടെ (ഐസിആർസി) നചികേതയെ ഇന്ത്യയ്ക്ക് കൈമാറി. യുദ്ധത്തടവകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഐസിആർസിക്ക് പങ്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്.  1965, 71 യുദ്ധങ്ങളിൽ പങ്കെടുത്തവരിൽ 54 സൈനികർ തടവുകാരായി പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ വാദിച്ചിരുന്നു. ഇത് പാക്കിസ്ഥാൻ അംഗീകരിച്ചിട്ടില്ല. ഇവരുടെ കുടുംബത്തിന് സർവീസ് പെൻഷൻ അനുകൂല്യങ്ങൾ നൽകണമെന്ന് ഗുജറാത്ത് ഹൈക്കോടതി 2011ൽ വിധിച്ചു.  

മടങ്ങിയെത്തിയ നചികേതയെ യുദ്ധവിമാനത്തിൽ വീണ്ടും നിയോഗിക്കാൻ സേന വിമുഖത കാട്ടിയിരുന്നു. പിന്നീട് ട്രാൻസ്പോർട് വിമാനത്തിൽ പൈലറ്റായി നിയോഗിച്ച നചികേതയെ വായുസേനാ മെഡൽ നൽകി ആദരിച്ചു. അഭിനന്ദൻ വർധമാൻ മടങ്ങിയെത്തുമ്പോഴും യുദ്ധ വൈമാനികനായി വീണ്ടും നിയോഗിച്ചേക്കുമോ എന്ന കാര്യത്തിൽ  അനിശ്ചിതത്വമുണ്ട്. എന്തെല്ലാം വിവരങ്ങൾ പാക്ക് സേനയോടു വെളിപ്പെടുത്തിയെന്ന കാര്യം അറിയാൻ ഇന്ത്യൻ അധികൃതർ അഭിനന്ദനോട് അന്വേഷിക്കും.

കാണാതായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാക് തടവിലുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. പൈലറ്റിനെ ഉടന്‍ സുരക്ഷിതനായി തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുദ്ധത്തടവുകാര്‍ക്കുളള രാജ്യാന്തരചട്ടം പാലിക്കണം. പരുക്കേറ്റ പൈലറ്റിന്റെ ദൃശ്യം പുറത്തുവിട്ടത് സംസ്കാരശൂന്യമെന്നും ഇന്ത്യ കുറ്റപ്പെടുത്തി. 

ഒരു പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു പാക് സൈനിക വക്താവ് വെളിപ്പെടുത്തി. വിങ് കമാന്‍ഡര്‍ അഭിനന്ദനാണ് കസ്റ്റഡിയിലുളളതെന്നും അദേഹത്തിന് സൈനികമര്യാദ പ്രകാരം  പരിഗണന നല്‍കുന്നുണ്ടെന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിൽ പറയുന്നു. രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്.