രാജ്യം ശ്വാസമടക്കിപ്പിടിച്ചു നിന്ന മണിക്കൂറുകൾക്കൊടുവിലാണ് പാക്കിസ്താൻ പിടിയിലായ വിങ്ങ് കമാൻഡർ അഭിനന്ദൻ വർധമാൻ മാതൃരാജ്യത്ത് മടങ്ങിയെത്തിയത്. ഐഎസ്‌ഐ കസ്റ്റഡിയിൽ നിന്ന് അഭിനന്ദന്‍റെ വിളിയെത്തിയപ്പോൾ ഭാര്യയുടെ പ്രതികരണമാണ് ഇപ്പോൾ ഒരു ദേശീയമാധ്യമം പുറത്തുവിട്ടിരിക്കുന്നത്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിച്ചയാളാണ് അഭിനന്ദൻറെ ഭാര്യ തന്വി മാർവി.
സൗദി നമ്പരില്‍ നിന്നുള്ള വിളി ഫോണിലേക്ക് വന്നപ്പോള്‍ തന്നെ തന്വി ജാഗ്രതയിലായി. ഭര്‍ത്താവിന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടതോടെ അത് ഐഎസ്‌ഐയില്‍ നിന്നാണെന്ന് അവര്‍ മനസ്സിലാക്കി. കോള്‍ റെക്കോഡ് ചെയ്തു. ഭർത്താവ് സുരക്ഷിതനാണെന്നറിഞ്ഞ ശേഷം കുട്ടികളോട് എന്തു പറയണമെന്നാണ് തന്വി ചോദിച്ചത്. അച്ഛന്‍ ജയിലിലാണെന്ന് പറയൂ എന്നായിരുന്നു അഭിനന്ദന്റെ മറുപടി.
വിഡിയോയിൽ കണ്ട ചായയെക്കുറിച്ചായി പിന്നെ അന്വേഷണം. ഞാനുണ്ടാക്കുന്നതിനേക്കാൾ നല്ല ചായയാണോ എന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അതെ എന്ന് അഭിനന്ദന്‍റെ ഉത്തരം. 'എങ്കില്‍ ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേ' എന്നായിരുന്നു തന്വിയുടെ മറുപടി.