TAGS

പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് തിരിച്ചടി. സര്‍ക്കാരിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിനടക്കം ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അധികാരം കോടതി റദ്ദാക്കി.

പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമിയും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുള്ള അധികാരത്തര്‍ക്കത്തിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിനടക്കം കിരണ്‍ ബേദിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അധികാരം മദ്രാസ് ഹൈക്കോടതിയുടെ മധുര റദ്ദാക്കി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ ചുമതലകളില്‍ ഗവര്‍ണര്‍ ഇടപെടരുതെന്നും ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ചെയ്യാനാണ് മുഖ്യമന്ത്രി. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം നല്‍കിയത് ഭരണഘടന വിരുദ്ധമാണെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്നും ചൂണ്ടിക്കാട്ടി  കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി നാരായണനാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നാരായണ സാമി രാജ്ഭവന് മുന്നില്‍ ഒരാഴ്ചയോളം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പല വേദികളിലും ഇരുവരും തമ്മില്‍ വാക്പോരുകളും പതിവാണ്