പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാർത്താ സമ്മേളനം വലിയ തോതിൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് മോദിക്കെതിരെ ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതൊന്നും മോദിയെ ബാധിച്ചിട്ടില്ല. ഇപ്പോൾ തപസും പ്രാർഥനയുമായി തിരക്കിലാണ് പ്രധാനമന്ത്രി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയിരുന്നു. ഇപ്പോഴിതാ ക്ഷേത്രത്തിനടുത്തുള്ള ഗുഹയിൽ തപസ്സിരക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ കാവിയില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. നേരത്തെ അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചിരുന്നു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു.
കിഴക്കന്‍ യു.പിയിലെ നിര്‍ണായക മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാനനേതാക്കളുടെ ക്ഷേത്രസന്ദര്‍ശനങ്ങള്‍. മോദിയുടെ മണ്ഡലമായ വാരാണസിയിലും നാളെയാണ് വോട്ടെടുപ്പ്. പ്രസിദ്ധമായ കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പൂജകള്‍ നടത്തി.
പ്രളയത്തില്‍ തകര്‍ന്ന കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. പ്രധാനമന്ത്രിയായ ശേഷം ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. ബദ്‍രിനാഥ് ക്ഷേത്രവും മോദി നാളെ സന്ദര്‍ശിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ സോംനാഥ് ശിവക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കെത്തി. മോദിയുടെ മണ്ഡലമായ വാരാണസിലും ബിജെപി തുടര്‍ഭരണത്തിനായി പ്രത്യേക പൂജകള്‍ നടന്നു. നാളെ വോട്ടെടുപ്പ് നടക്കുന്ന കിഴക്കന്‍ യുപി ഉള്‍പ്പെട്ട പൂര്‍വാഞ്ചല്‍ മേഖലയിലെ സീറ്റുകള്‍ ബിജെപിക്ക് ഏറെ നിര്‍ണായകമാണ്.
ക്യാമറാമാനൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ വിമര്‍ശനത്തിനും ആയുധമാക്കുന്നുണ്ട്. നിരവധി ട്രോളുകളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിന് രണ്ട് കിലോമീറ്ററിനപ്പുറമുള്ള പുണ്യഗുഹയിലാണ് മോദി ധ്യാനത്തിനിരുന്നത്. നാളെ രാവിലെവരെ ഇതേഗുഹയില്‍ ധ്യാനം തുടരുമെന്നാണ് റിപ്പോര്‍ട്ട്.