ഉത്തർ‌പ്രദേശിൽ വോട്ടെണ്ണൽ ദിനം ജനിച്ച കുഞ്ഞിന് മോദിയെന്ന പേരിട്ടത് വലിയ വാർത്തയായിരുന്നു. യുപിയിലെ ഗോണ്ട സ്വദേശി മുസ്താഖ് അഹമദിനും മേനജ് ബീഗത്തിനും ജനിച്ച കുഞ്ഞിനാണ് മോദിയെന്ന് പേരിട്ടത്. പ്രധാനമന്ത്രി തങ്ങളുടെ ഗ്രാമത്തിലെത്തി കുഞ്ഞിനെ നേരിട്ട് അനുഗ്രഹിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പിതാവ്. കുഞ്ഞിന് നരേന്ദ്ര ദാമോദർദാസ് മോദിയെന്നു പേര് റജിസ്റ്റർ ചെയ്തചതതായും മാതാപിതാക്കൾ പറ‍ഞ്ഞു. 

ബന്ധുക്കളും ഗ്രാമവാസികളിൽ ചിലരും മോദിയെന്ന പേരിട്ടതിനെ എതിർത്തുവെങ്കിലും മേനജ് ബീഗം തീരുമാനത്തിൽ ഉറച്ചുനില്‍ക്കുകയായിരുന്നു. സൗജന്യ റേഷനും ശൗചാലയവും തന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വത്താണെന്നാണ് ഇവര്‍ പറയുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ കുട്ടിക്ക് നരേന്ദ്രമോദിയെന്നു തന്നെ പേരിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മേനജ് ബീഗം പറയുന്നു. മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി മകനെ കാണണമെന്നും അവൻ ജീവിതത്തില്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും അമ്മ പറയുന്നു.

ദുബായിൽ നിന്ന് 130 കിലോ മീറ്റർ അകലെയാണ് ഇയാൾ മെയിന്റനൻസ് ജീവനക്കാരനായി ജോലി ചെയ്യുകയാണ് മുസ്താഖ്. മോദിയുടെ ഹിന്ദുത്വ പ്രതിച്ഛായയെക്കുറിച്ചും വർഗീയ നിലപാടിനെക്കുറിച്ചുമൊക്കെ വിമർശിച്ചാൽ മുസ്താഖിനും തിരിച്ചു പറയാനുണ്ട്. അദ്ദേഹം അങ്ങനെയൊക്കെയാണെങ്കിൽ പിന്നെങ്ങനെ ഇത്ര വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി. എന്ന മറുചോദ്യമാണത്.''മികച്ച നേതാവാണദ്ദേഹം, ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും. എല്ലാ ഇന്ത്യക്കാരെയും അദ്ദേഹം സംരക്ഷിക്കും'', മുസ്താഖിന് സംശയമില്ല.  

കുഞ്ഞു മോദിയെ കാണാൻ ഗ്രാമത്തിലെ വീട്ടിലേക്ക് ജനത്തിരക്കാണെന്ന് മുസ്താഖ് പറയുന്നു. കുട്ടിയായിരിക്കുമ്പോൾ ഇഷ്ടമില്ലാത്ത ആളുകൾ മകനെ മോദിയെന്ന് വിളിച്ച് കളിയാക്കിയേക്കാം. എന്നാൽ വലുതാകുമ്പോൾ അവർ തന്നെ ആ പേര് വിളിച്ച് അഭിമാനിക്കുമെന്നും പിതാവ് പറയുന്നു. 

സാമ്പത്തിക ഞെരുക്കമുള്ളതിനാൽ അൽപം കഴിഞ്ഞ് മാത്രമേ മുസ്താഖ് കുഞ്ഞുമോദിയെ കാണാൻ നാട്ടിലേക്ക് പോവുകയുള്ളൂ. രാജ്യത്തിന് ഒരു മോദിയെ ഉള്ളൂ. എന്നാല്‍ തനിക്ക് രണ്ടു മോദിമാർ ഉണ്ടെന്ന് മുസ്താഖ് തമാശയായി പറയുന്നു.