ലോക്സഭാ എംപിമാർക്കായി ഒഴിവുവരുന്ന വസതികളുടെ പട്ടികയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയും. 2004 ൽ അമേഠിയിൽ നിന്ന് എംപിയായതു മുതൽ രാഹുൽ ഉപയോഗിക്കുന്ന തുഗ്ലക് ലെയ്നി‌ലെ ഔദ്യോഗിക വസതിയാണ് എംപിമാർക്ക് പുതുതായി അനുവദിക്കുന്ന ഫ്ലാറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ചത്. 

അമേഠിയിൽ നിന്നു തോറ്റെങ്കിലും വയനാട്ടിൽ നിന്നുള്ള എംപിയായ രാഹുലിന്റെ വസതിമാറ്റത്തിനു പിന്നിൽ രാഷ്ട്രീയ കാരണമുണ്ടോയെന്നതു വ്യക്തമല്ല. സർക്കുലറിനെക്കുറിച്ചു വിവരമില്ലെന്നാണു കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

8250 ചതുരശ്ര അടി വിസ്തീർണവും 8 കിടപ്പുമുറികളും ഉള്ള ഈ വീട് സർക്കാർ ഔദ്യോഗിക വസതികളിലെ ഏറ്റവും മുന്തിയ വിഭാഗമായ ടൈപ്പ് 8 വസതിയാണ്. വിസ്തീർണത്തിലും കിടപ്പുമുറികളുടെ എണ്ണത്തിലും, ഗാരിജ്, ഉദ്യാനം, ജോലിക്കാർക്കുള്ള ക്വാർട്ടേഴ്സ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുണ്ടാവുക.

ഒഴിവ‌ു വരുന്ന വസതികളുടെ പട്ടിക തയാറാക്കിയത് ലോക്സഭാ സെക്രട്ടേറിയറ്റാണ്. ഇക്കുറി 517 വസതികളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ നൽകുന്നതനുസരിച്ചു ഇവ 17–ാം ലോക്സഭയിലേക്കു തിര‍‍ഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് അനുവദിക്കും.

ഇതിനിടെ, മോദിയുടെ രണ്ടാം മന്ത്രിസഭയിൽ നിന്നു പിന്മാറിയ അരുൺ ജയ്റ്റ്ലിയും വസതിമാറ്റത്തിനു തുനിഞ്ഞേക്കുമെന്നു സൂചനയുണ്ട്. 2014 ൽ ധനമന്ത്രിയായതിനു പിന്നാലെയാണ് കൃഷ്ണമേനോൻ മാർഗ് 2ലേക്ക് ജയ്‌റ്റ്ലി എത്തിയത്. രാജ്യസഭയിൽ ബിജെപി കക്ഷി നേതാവായി തുടരുന്ന അദ്ദേഹത്തിനു ടൈപ്പ് 8 വീടിനുള്ള അർഹതയുണ്ടാവും.

എങ്ങോട്ടേക്കാണു മാറുകയെന്നു വ്യക്തമല്ല. രാജ്യതലസ്ഥാനത്തു കൈലാഷ് കോളനിയിൽ ജയ്റ്റ്ലിക്കു സ്വന്തമായി വീടുമുണ്ട്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറിയ ജയ്റ്റ്ലി ‌ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്.