സിസേറിയൻ ഒഴിവാക്കി സുഖപ്രസവം നടക്കാൻ ഗർഭിണികളായ സ്ത്രീകൾ 'ഗരുഡ് ഗംഗ'യിലെ വെള്ളം കുടിച്ചാൽ മതിയെന്ന് ബിജെപി എംപി. ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ കൂടിയായ അജയ് ഭട്ടാണ് ലോക്സഭയിൽ ഇക്കാര്യം പറഞ്ഞത്. ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു എംപിയുടെ അഭിപ്രായ പ്രകടനം. 

 സുഖപ്രസവത്തിന് മാത്രമല്ല, പാമ്പുകടിയേറ്റാലും അജയ് ഭട്ടിനൊരു ഒറ്റമൂലി നിർദ്ദേശിക്കാനുണ്ട്. ഗരുഡ് ഗംഗയിലെ കല്ലെടുത്ത് പാമ്പ് കടിയേറ്റയിടത്ത് തേച്ചാൽ മതി. സ്വാമി വിവേകാനന്ദനാണ് ഈ നദിയിലെ വെള്ളത്തിന്റെ അത്ഭുത സിദ്ധി ആദ്യം മനസിലാക്കിയതെന്നും ഇദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുമയൂൺ മലനിരകളിലെ ബാഗേശ്വറിലൂടെയാണ് ഗരുഡ് ഗംഗ ഒഴുകുന്നത്. 

എന്നാൽ എംപിയുടെ അഭിപ്രായ പ്രകടനം അസംബന്ധമാണെന്നും ശാസ്ത്രീയമായി യാതൊരു അടിത്തറയും ഇതിനില്ലെന്നും ചൂണ്ടിക്കാട്ടി ഡോക്ടർമാർ രംഗത്തെത്തി.