ചെന്നൈയില്‍ ഏഴുവയസുകാരന്റെ വായില്‍ നിന്ന് 526 പല്ലുകള്‍ പുറത്തെടുത്തത് ലോകമാധ്യമങ്ങളില്‍ ഇടംപിടിച്ചു. കീഴ്ത്താടിയില്‍ അധാരണവീക്കം മൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആശുപത്രിയിലെത്തിയ കുട്ടിയുടെ വായിലാണ് ഇത്രയും പല്ലുകള്‍ കണ്ടെത്തിയത്. ലോകത്ത് തന്നെ ആദ്യ സംഭവമാണിതെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.
വെള്ളാരം കല്ലുകള്‍ നിരത്തി ചിത്രം വരയ്ക്കുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ കിടക്ക വിരിയില്‍ നിരത്തിവെയ്ക്കുന്നത് പല്ലുകളാണ്.ഒന്നും രണ്ടുമല്ല.526 എണ്ണം. കേട്ടു നെട്ടേണ്ട. സത്യമാണ്. കീഴ്ത്താടിയില്‍ വീക്കവുമായി ആശുപത്രിയിലെത്തിയ ഏഴുവയസുകാരന്റെ വായിലാണ് ഇത്രയും പല്ലുകള്‍ ഒളിച്ചിരുന്നത്.ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമായാണ് കുട്ടി ആശുപത്രിയിലെത്തിയത്. സി.ടി. സ്കാന്‍ പരിശോധനയിലാണ് മോണയ്ക്കുള്ളില്‍ ഇത്രയും പല്ലുകളുണ്ടെന്നു മനസിലായത്
താടിയെല്ലിനും മോണയ്ക്കും ഇടയില്‍ രൂപം കൊണ്ട ഇരുന്നൂറു ഗ്രാം തൂക്കമുള്ള മാംസ സഞ്ചിയിലാണ് പല്ലുകളുണ്ടായിരുന്നത്. അഞ്ചുമണിക്കൂര്‍ വേണ്ടിവന്നു ഇവ പുറത്തെടുക്കാന്‍ . മോണയ്ക്കുള്ളില്‍ പല്ലുകള്‍ ഒളിഞ്ഞിരിക്കുന്നത് സാധാരണമാണെങ്കിലും ഇത്രയും പല്ലുകള്‍ ഒന്നിച്ചുണ്ടാകുന്നത് ആദ്യമായണെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. സംഭവം ന്യൂയോര്‍ക്ക് ടൈംസടക്കമുള്ള മാധ്യമങ്ങളിലും ഇടം പിടിച്ചു.