ഊബർ ഡ്രൈവറിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് യുവതി. ബെംഗളുരുവിലാണ് സംഭവം. കാറിൽ കയറിയ യുവതിയോട് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കാറിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ വസ്ത്രങ്ങൾ വലിച്ചുകീറുമെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തി. കാറിനുള്ളിലെ സുരക്ഷാ ബട്ടൺ അമർത്തിയപ്പോൾ ഡ്രൈവറെ വിളിച്ചാണ് ഊബർ കാര്യം തിരക്കയതെന്നും യുവതി പരാതിയിൽ പറയുന്നു.
തുടർന്ന് ഊബർ അധികൃതരുമായി സംസാരിച്ചപ്പോൾ, കാറിൽ നിന്നിറങ്ങാനും മറ്റൊരു ടാക്സി ഉടൻ ബുക്ക് ചെയ്ത് നൽകാമെന്നും ഊബർ ഉറപ്പുനൽകി. ഊബറിനെ വിശ്വസിച്ച് രാത്രി റോഡിലിറങ്ങി നിന്ന തനിക്ക് മറ്റ് ടാക്സിയൊന്നും അധികൃതർ ബുക്ക് ചെയ്ത് തന്നില്ലെന്നും യുവതി പറയുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവതി ദുരനുഭവം വിവരിച്ചത്.
''ജീവിതത്തില്‍ ഏറ്റവും മാനസികാഘാതമുണ്ടാക്കിയ അനുഭവത്തിലൂടെയാണ് ഇന്ന് ഞാൻ കടന്നുപോയത്. സഹപ്രവർത്തകർക്കൊപ്പം അത്താഴം കഴിച്ച ശേഷം ഊബറിൽ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഞാൻ. ആ സമയം കാറിൽ കയറുന്നവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഫോണിൽ സംസാരിക്കുകയായിരുന്നു ഡ്രൈവർ. ഇതിന് ശേഷം അയാൾ എനിക്കുനേരെ തിരിഞ്ഞു. വിദ്യാഭ്യാസമുള്ള സ്ത്രീയായതിനാൽ ജോലി കഴിഞ്ഞ് ഏഴ് മണിക്ക് മുൻപ് വീട്ടിലെത്തണമെന്നും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കരുതെന്നും അയാൾ പറഞ്ഞു. ഞാൻ മദ്യപിച്ചിട്ടില്ലെന്നും സ്വന്തം കാര്യം നോക്കിയാൽ മതിയെന്നും ഞാൻ മറുപടി നൽകി.
''പിന്നാലെ അയാളെന്നെ അസഭ്യം പറയാൻ തുടങ്ങി. ഇതിന് പിന്നാലെ അയാൾ കാറിന്റെ വേഗത കൂടി കുറച്ചതോടെ എനിക്ക് പേടിയായി. കാറിലുണ്ടായിരുന്ന സേഫ്റ്റി ബട്ടൺ അമർത്തി. എന്നെ വിളിക്കേണ്ടതിന് പകരം ഊബർ വിളിച്ചത് ഡ്രൈവറെ. ഞാൻ മദ്യലഹരിയിലാണെന്ന് ഡ്രൈവർ വിളിച്ചയാളോട് പറഞ്ഞു. അപ്പുറത്തിരുന്ന് എന്നോട് സംസാരിക്കണമെന്ന് ഞാൻ അലറി. അപ്പോഴാണ് ആ ഫോണിലുണ്ടായിരുന്ന കസ്റ്റമർ കെയർ ഉദ്യോഗസ്ഥ എന്നോട് സംസാരിക്കുന്നത്.
''എന്നെ സഹായിക്കണമെന്ന് ഞാൻ കരഞ്ഞുപറഞ്ഞു. കാറിൽ നിന്നിറങ്ങണമെന്നും മറ്റൊരു ടാക്സി ഉടൻ ബുക്ക് ചെയ്ത് തരാമെന്നും അവർ ഉറപ്പുനൽകി. അപ്പോഴേക്കും ഡ്രൈവർ ഭീഷണിപ്പെടുത്താൻ തുടങ്ങി. കാറിൽ നിന്നിറങ്ങിയില്ലെങ്കിൽ വസ്ത്രങ്ങൾ വലിച്ചുകീറുമെന്ന് പറഞ്ഞു.
''രാത്രി 11.15ന് അത്ര പരിചയമില്ലാത്ത, തിരക്കില്ലാത്ത റോഡിൽ ഞാനിറങ്ങി. ഊബർ ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ ടാക്സിനായി ഞാൻ കാത്തിരുന്നു. എന്നാൽ ഊബർ അധികൃതർ ആരും എന്നെ വിളിച്ചില്ല. തിരിച്ചുവിളിച്ചിട്ടും മെസേജ് അയച്ചിട്ടും പ്രതികരിച്ചില്ല. പതിനഞ്ച് മിനിട്ടോളം കാത്തിരുന്ന ശേഷം ഞാൻ എന്റെ സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ചു. എന്റെ പണം തിരികെ നൽകി എന്നത് മാത്രമാണ് ഊബർ ചെയ്തത്.
''സേഫ്റ്റി ബട്ടൺ അമർത്തിയ കസ്റ്റമറെ വിളിക്കാതെ ഡ്രൈവറെ വിളിക്കുക എന്നത് വിഡ്ഢിത്തമാണ്. എനിക്കുണ്ടായത് വളരെ മോശം അനുഭവം ആയതുകൊണ്ട് മാത്രമല്ല, ഊബറിന്റെ സുരക്ഷാസംവിധാനങ്ങൾ എത്ര പരിതാപകരമാണ് എന്ന് ആളുകളെ അറിയിക്കാൻ കൂടി വേണ്ടിയാണ്.
യാത്രയുടെ വിവരങ്ങളും ഊബറിന് അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകളും യുവതി പങ്കുവെച്ചിട്ടുണ്ട്. യുവതിയെ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് ഊബർ നൽകുന്ന വിശദീകരണം.