പെൺകുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കിൽ കോളജികത്തേക്ക് പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ ഒരു വനിതാ ആർട്സ് ആൻഡ് സയൻസ് കോളജ്. കോളജ്. ഗേറ്റിനു മുന്നിൽ നിൽക്കുന്ന വനിതാ സുരക്ഷാ ജീവനക്കാരാണ് പെൺകുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം അവർ കോളജിൽ പ്രവേശിക്കാൻ അർഹരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. വസ്ത്രത്തിന്റെ നീളം മുട്ടിന് ഒരിഞ്ചു മുകളിലാണെങ്കിൽപ്പോലും പ്രവേശനം നിഷേധിക്കും.
വെള്ളിയാഴ്ച കോളജിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കോളജിന്റെ പ്രവേശന കവാടത്തിൽ നിലയുറപ്പിച്ച വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടികളുടെ കൂട്ടത്തിൽനിന്ന് മേൽവസ്ത്രത്തിന് ഇറക്കമുള്ളവരെ മാത്രം തിരഞ്ഞു പിടിച്ച് കോളജിൽ പ്രവേശിപ്പിക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്.
മറ്റൊരു ദൃശ്യത്തിൽ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരിൽ വിദ്യാർഥിനികളെ ശകാരിക്കുന്ന പ്രിൻസിപ്പലിനെയും കാണാം. ഡ്രസ് കോഡ് മാറുന്നതനുസരിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പണമില്ലാത്തതുകൊണ്ടാണ് തങ്ങൾ ഇത്തരം വസ്ത്രം ധരിച്ചു വരുന്നത് എന്ന് ന്യായീകരിക്കുന്ന വിദ്യാർഥിനികളെയും ദൃശ്യങ്ങളിൽ കാണാം.
ക്ലാസിലും വസ്ത്രധാരണത്തിന്റെ പേരിൽ തങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നുണ്ടെന്നു വിദ്യാർഥിനികൾ പറയുന്നു. മേൽവസ്ത്രത്തിന്റെ നീളം നോക്കിയാണ് ചില അധ്യാപികമാർ അറ്റൻഡൻസ് രേഖപ്പെടുത്തുന്നത്. ക്ലാസിൽ ഹാജരാണെങ്കിലും വസ്ത്രത്തിന്റെ നീളം കുറവാണെങ്കിൽ ഹാജർ നൽകാറില്ലെന്നും വിദ്യാർഥിനികൾ പറയുന്നു.
കാടൻ നടപടിക്കെതിരെ പ്രതിഷേധിക്കാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇതുവരെ പ്രിൻസിപ്പൽ തയാറായിട്ടില്ല.