മധ്യപ്രദേശിലെ ഹണിട്രാപ്പ് വിവാദത്തില്‍ രാഷ്ട്രീയനേതാക്കളെയുള്‍പ്പെടെ വശീകരിക്കാൻ കോളജ് വിദ്യാർഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. കേസിലെ മുഖ്യപ്രതി ശ്വേത ജെയ്നാണ് കുറ്റസമ്മതം നടത്തിയത്. ദരിദ്ര– ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയും ഉന്നതർക്ക് മുന്നിലെത്തിച്ചെന്ന് ശ്വേത വെളിപ്പെടുത്തി.
വിഐപികളെ വശീകരിച്ചു വിവിധ കമ്പനികൾക്കുവേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. പല കമ്പനികളിൽ നിന്നും പ്രതിഫലം പറ്റിയിരുന്നതായും നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കെണിയിൽ കുടുക്കിയതായും ശ്വേത അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഹണിട്രാപ്പ് സംഘം ഐക്കണായി ഉപയോഗിച്ച 19കാരിയായ മോണിക്ക യാദവിനെയും ഇത്തരത്തിൽ കണ്ടെത്തിയതാണെന്നും പ്രശ്സതമായ കോളജിൽ ചേർക്കാമെന്നു വാഗ്ദാനം നൽകിയിരുന്നതായും ശ്വേത പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
വാഗ്ദാനങ്ങൾ നിരസിച്ച മോണിക്ക യാദവിനെ ഹണിട്രാപ്പ് സംഘത്തിലെ പ്രധാനിയായ ആർതി ദയാർ എന്ന സ്ത്രീയെ ഉപയോഗിച്ചു കുടുക്കുകയായിരുന്നു. മോണിക്കയുടെ മുഴുവൻ പഠന ചെലവുകളും ആർതി ദയാലിന്റെ എൻജിഒ ഏറ്റെടുത്തതോടെയാണ് മോണിക്ക യാദവിനെ ഇവരോടൊപ്പം അയയ്ക്കാൻ മോണിക്കയുടെ മാതാപിതാക്കൾ തയാറായത്.
സംഭവത്തിൽ പിടിയിലായ ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവർക്കു പുറമെ അഞ്ചു പെൺകുട്ടികളെക്കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട വിദ്യാർഥിനികളുടെ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും ഇതിൽ പ്രായപൂർത്തിയാകാത്തവരുമുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.
ശ്വേതയുടെ നിർബന്ധത്തിൽ മധ്യപ്രദേശ് സർക്കാരിൽ നിർണായക സ്വാധീനമുള്ള മൂന്ന് ഐഎസ് ഉദ്യോഗസ്ഥർക്കു വഴങ്ങിയെന്നും ഇൻഡോറിൽ നിന്നു ഭോപാലിലേക്കു പ്രമുഖരെ കാണാൻ പോകാൻ മാത്രം തനിക്കു ഒരു ഔഡി കാർ വാങ്ങി നൽകിയതായും മോണിക്ക അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഓഗസ്റ്റ് 30–ാം തീയതി ആർതി ദയാലും സഹായി രൂപയും ആഡംബരകാറിൽ നഗരത്തിലെ മുന്തിയ ഹോട്ടലിൽ തന്നെ എത്തിക്കുകയായിരുന്നു. ഇൻഡോർ മുനിസിപ്പൽ കോർപറേഷനിലെ എൻജിനിയറായ ഹർഭജൻ സിങ്ങിനു വഴങ്ങാൻ തന്നെ ഇവർ നിർബന്ധിച്ചു. തങ്ങളുടെ സ്വകാര്യദൃശ്യങ്ങൾ ആർതി ദയാലാണു പകർത്തി സൂക്ഷിച്ചതെന്നും മോണിക്ക യാദവ് പൊലീസിനു മൊഴി നൽകി. 3 കോടി രൂപയാണ് ഹർഭജൻ സിങ്ങിൽ നിന്ന് ശ്വേതയും സംഘവും ആവശ്യപ്പെട്ടത്.
പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ആർതി ഭീഷണിപ്പെടുത്തിയെന്ന് മോണിക്ക പറയുന്നു. കോളജ് വിദ്യാർഥിനികൾക്കു പുറമേ സിനിമാ, സീരിയൽ താരങ്ങൾ തുടങ്ങിയവരും ഈ സംഘത്തിന്റെ വലയിൽപെട്ടിട്ടുണ്ടെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉന്നതരെ വലയിലാക്കാനുള്ള പെണ്‍കുട്ടികളില്‍ ചിലരെ സര്‍ക്കാര്‍ ജോലി നല്‍കാമെന്നു പ്രലോഭിപ്പിച്ചും സംഘത്തിന്റെ ഭാഗമാക്കി മാറ്റി. ബിജെപി എംഎല്‍എ ബിജേന്ദ്ര പ്രതാപ് സിങ്ങ് നല്‍കിയ വാടകകെട്ടിടത്തിലാണു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതെന്നും കോളജ് വിദ്യാർഥിനികൾക്കൊപ്പം ലൈംഗിക തൊഴിലാളികളും ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.