2015 ലാണ് ഡല്‍ഹി പീഡനത്തെ ആസ്പദമാക്കി 'ഇന്ത്യാസ് ഡോട്ടർ' (India's Daughter) എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയത്. തെല്ലും കൂസലില്ലാതെ പീഡനക്കേസ് പ്രതി താൻ ചെയ്ത തെറ്റിനെ ന്യായീകരിച്ചു കൊണ്ടിരുന്നപ്പോൾ രാജ്യം ഞെട്ടി. ഒരു കൈ കൊണ്ട് മാത്രം കൊട്ടിയാൽ ശബ്ദം കേൾക്കില്ലെന്നും സംഭവിച്ചതിന് ആ പെൺകുട്ടിയും ഉത്തരവാദിയാണെന്നും അയാൾ പറഞ്ഞത് കുറ്റബോധമേതുമില്ലാതെയായിരുന്നു.

പീഡനക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭൂരിഭാഗം പ്രതികളുടെയും ചിന്തകള്‍ ഇത്തരത്തിലാണെന്നാണ് ഇവരെക്കുറിച്ച് പഠനം നടത്തുന്ന മധുമിത പാണ്ഡെ എന്ന ഗവേഷക പറയുന്നത്. മൂന്നു വർഷങ്ങളായി പല തുറന്നു പറച്ചിലുകളും കേൾക്കുകയാണ് മധുമിത. 100 കുറ്റവാളികളെയാണ് പഠനത്തിന്റെ ഭാഗമായി ക്രിമിനോളജി ഗവേഷകയായ മധുമിത സമീപിച്ചത്. നിർഭയ കേസാണ് ഈ വിഷയത്തിൽ ഗവേഷണം നടത്താൻ മധുമിതയെ പ്രേരിപ്പിച്ചത്. എന്താണ് കുറ്റവാളികള്‍ ചിന്തിക്കുന്നത്? കുറ്റകൃത്യത്തിനു ശേഷമുള്ള ഇവരുടെ മനോഭാവം എന്താണ്? തുടങ്ങിയ കാര്യങ്ങളാണ് മധുമിത ചോദിച്ചറിഞ്ഞത്. കൊടുംകുറ്റവാളികൾ താമസിക്കുന്ന തിഹാർ ജയിലിലേക്ക് എത്തുമ്പോൾ 22 വയസു മാത്രമായിരുന്നു മധുമിതയുടെ പ്രായം.

മൂന്നു വർഷമെടുത്താണ് നൂറിലേറെ പ്രതികളുമായി സംസാരിച്ചത്. കുറ്റവാളികൾ പലരും ചെയ്ത ക്രൂരതയെ ന്യായീകരിക്കുകയായിരുന്നുവെന്ന് മധുമിത പറയുന്നു. ഇവരില്‍ ഭൂരിഭാഗം ആളുകളും വിദ്യാഭ്യാസമില്ലാത്തവരോ വിദ്യാഭ്യാസം കുറഞ്ഞവരോ ആയിരുന്നു. സ്ത്രീവിരുദ്ധത തന്നെയാണ് ഇവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നത്. ചിലർക്ക് എന്തിനാണാ ക്രൂരത ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല. ചിലര്‍ക്ക് സ്ത്രീയുടെ സമ്മതം, അനുമതി എന്നിവയെക്കുറിച്ചു പോലും അറിയില്ല. ചിലർ ബലാല്‍സംഗം ചെയ്തെന്ന് സമ്മതിക്കാന്‍ തയ്യാറല്ല. മറ്റു ചിലർ കുറ്റപ്പെടുത്തുന്നത് ഇരയെ.

ചുരുക്കം ചിലർക്ക് മാത്രമാണ് ചെയ്തതിനെക്കുറിച്ച് പശ്ചാത്താപമുള്ളത്. ''ഞാൻ അവളുടെ ജീവിതം നശിപ്പിച്ചു, ഇനിയവളെ ആരും വിവാഹം കഴിക്കില്ല, ഞാൻ തന്നെ അവളെ വിവാഹം ചെയ്യാം'', എന്നാണ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചയാള്‍ പറ‍ഞ്ഞത്. ഈ പെൺകുട്ടിയുടെ വീടും ഗവേഷക സന്ദർശിച്ചു. ജയിലിലാണെന്ന് പോലും ഇത് വരെയും മാതാപിതാക്കള്‍ കുട്ടിയെ അറിയിച്ചിട്ടില്ല.

ഇന്ത്യയിലെ ചില സാമ്പ്രദായിക രീതികൾ മാറ്റപ്പെടേണ്ടതുണ്ടെന്നും മധുമിത പറയുന്നു. പല വീടുകളിലും ഭാര്യ ഭർത്താവിനെ അഭിസംബോധന ചെയ്യുന്നത് കേൾക്കൂ എന്നോ കുട്ടികളുടെ അച്ഛൻ എന്നു വിളിച്ചോ ആണ്. ശരിയായ ലൈംഗികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ പോലും ഭാഗമാക്കുന്നില്ലെന്നും മധുമിത കുറ്റപ്പെടുത്തുന്നു. പുരുഷമേധാവിത്ത മനോഭാവം തന്നെയാണ് പീഡനങ്ങളുടെ മൂലകാരണമെന്നും ഗവേഷക പറയുന്നു.