nithyantha-past-life

സ്വന്തമായി ഒരു ദ്വീപ് വാങ്ങുക. അവിടെ ഭരണം നടത്തുക. പാസ്പോർട്ട് പോലുമില്ലാതെ ഇന്ത്യ വിട്ടു എന്ന വാർത്തകൾ പുറത്തുവരിക.. പള്ളിക്കൂടത്തിന്റെ പടി കാണാത്ത ഒരാൾക്ക് എങ്ങനെ ഇത് സാധ്യമാകും? സ്വന്തമായി ഒരു ദ്വീപ് വാങ്ങാനുള്ള പണം എങ്ങനെ ഉണ്ടായി? വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് വീഴുമ്പോഴും ഇയാളെ വിശ്വസിച്ച് കാൽച്ചുവട്ടിൽ ഇരിക്കാൻ ജനം കൂടുന്നത് എന്തുകൊണ്ട്? ഉത്തരമില്ലാത്ത ചോദ്യമാണ് അന്നും ഇന്നും നിത്യാനന്ദ. കോടതിയും പൊലീസും ഒരുപോലെ ചോദിക്കുന്നു എവിടെയാണ് നിത്യാനന്ദ ഇപ്പോൾ? ഉത്തരമില്ലാതെ നിൽക്കുമ്പോഴും സമൂഹമാധ്യമങ്ങളിൽ ചിരിച്ചുകൊണ്ട് അയാൾ പുതിയ വിഡിയോകൾ പങ്കുവയ്ക്കുന്നു.

ആരാണ് നിത്യാനന്ദ? എന്താണ് അയാളുടെ ഭൂതകാലം?

‘അയ്യാ.. പുറംപോക്ക് പയ്യനെ ഭയപ്പെടുത്ത മുടിയാത്.. അതു തെരിഞ്ചിക്കണം..ഞാനൊരു പുറംപോക്കയ്യ..’ എന്തും ചെയ്യാൻ മടിക്കാത്ത വെറും ലോക്കലാണ് ‍ഞാനെന്ന് ചിരിച്ചോണ്ട് പറയുന്ന സന്ന്യാസി. ശാസ്ത്രം തോറ്റുപോകുന്ന, പൊതുജനം വാപൊത്തി ചിരിക്കുന്ന നിത്യാനന്ദ കോമഡികൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇയാൾ എന്തു മണ്ടത്തരമാണ് പറയുന്നതെന്ന് അക്ഷരാഭ്യാസമുള്ള ആരും ചിന്തിക്കും. എന്നിട്ടും എങ്ങനെ നിത്യാനന്ദ ഇൗ നിലയിലെത്തി. കോടാനുകോടിയുടെ സമ്പാദ്യം. ടൺ കണക്കിന് സ്വർണം, വെള്ളി. ലക്ഷത്തോളം പിന്തുടർച്ചക്കാർ.

2000ൽ ആദ്യമായി ആശ്രമം തുടങ്ങിയ നിത്യാനന്ദയ്ക്ക് 2020ൽ 50 രാജ്യങ്ങളിൽ ആശ്രമങ്ങളും പിന്തുടർച്ചക്കാരുമുള്ള സന്ന്യാസിയാണ്. വെറും 20 വർഷം കൊണ്ട് കണ്ണടച്ച് തുറക്കുന്നത് പോലെ വളർച്ച. 2010 ൽ പുറത്തുവന്ന അശ്ലീല വിഡിയോ തലവര മാറ്റി എന്നുതന്നെ പറയാം. രഞ്ജിതയുമായുള്ള വിഡിയോ പുറത്തുവന്നതോടെ നിത്യാനന്ദ ‘പ്രശസ്തനാ’യി. ഇന്ന് രാജ്യത്തെ ആൾദൈവങ്ങളിൽ ആൾറൗണ്ടർ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന നിലയിൽ എത്തിയ വളർച്ച.

തമിഴ്നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്ത് കീഴ്ക്കച്ചിറാപ്പട്ട്  എന്ന സ്ഥത്താണ് 1977ലാണ് ഇയാളുടെ ജനനം. രാജശേഖരൻ എന്നാണ് അച്ഛനും അമ്മയും നൽകിയ പേര്. ഇടത്തരം കുടുംബത്തിൽ ജനിച്ച രാജശേഖറിന് സ്കൂളിൽ പോകാൻ വലിയ താൽപര്യമുണ്ടായിരുന്നില്ല. ഇന്നും ഇൗ നാട്ടിൽ ചെന്നാൽ ജനം അമ്പരപ്പോടെ നിത്യാനന്ദയെ പറ്റി സംസാരിക്കും. പാരമ്പര്യമായി കൈമാറി വന്ന സ്ഥലത്തെ ഇയാളുടെ അച്ഛന്റേയും അമ്മൂമ്മയുടെയും ശവക്കല്ലറകൾ ഉണ്ട്. നിത്യാനന്ദയുടെ ഏറ്റവും പ്രിയ സ്ഥങ്ങളിലൊന്നാണ് ഇതെന്ന് സമീപവാസികൾ പറയും. 

ചെറുപ്പം മുതലെ ആത്മീയതയോട് താൽപര്യം കാണിച്ചിരുന്നു. തനിക്ക് സന്ന്യസിക്കണം, സന്ന്യാസിയാകണം എന്നായിരുന്നു ചിന്ത. അതുകാെണ്ട് സ്കൂളിലും പോയിരുന്നില്ല. പഠിക്കാൻ ഒട്ടും താൽപര്യം കാണിച്ചില്ല. നാട്ടിലും വീട്ടിലും ക്ഷേത്രങ്ങളിലുമായി കഴിയാനായിരുന്നു ഇഷ്ടം. തിരുവണ്ണാമലൈയിലെത്തുന്ന സന്ന്യാസിമാർ ഇയാളെ ഒരുപാട് സ്വാധീനിച്ചിരുന്നു. 1995 ഇയാൾ സന്ന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തി. പത്തുവർഷം അവിടെ നിന്ന് പഠിച്ചെങ്കിൽ മാത്രമേ സന്ന്യാസം സ്വീകരിക്കാൻ സാധിക്കൂ എന്ന് മനസിലാക്കിയ രാജശേഖരൻ നാലുവർഷം കൊണ്ട് പഠനം നിർത്തി മടങ്ങി. 

പിന്നീട് പല ജോലികൾ ചെയ്തു. മെക്കാനിക്കൽ ജോലിയും നോക്കി. അങ്ങനെ തുടരുമ്പോഴാണ് പവിഴക്കുണ്ട് മലയിൽ സ്ത്രീകൾ നടത്തുന്ന ആശ്രമത്തെ കുറിച്ച് അറിയുന്നതും സന്ന്യാസിക്കാൻ അവിടെ എത്തുന്നതും. അവിടെയും സ്ഥിരമായി നിന്നില്ല. പല കാരണങ്ങൾ െകാണ്ട് അവിടെ നിന്നും പുറത്താക്കി. ആശ്രമം ഇയാൾ കൈക്കലാക്കുമോ എന്നായിരുന്നു ഭീതി. പിന്നീട് യോഗയും ആത്മീയ ചികിൽസയുമായി വർഷങ്ങൾ. ഇതിനിടയിൽ ബെംഗളൂരുവിലെത്തി. അവിടെ നിന്നാണ് ഇന്ന് കാണുന്ന നിത്യാനന്ദയുടെ അമ്പരപ്പിക്കുന്ന വളർച്ച. താൻ ശിവനാണെന്നാണ് ഇയാളുടെ അവകാശവാദം. 

ദേഹമാകെ നിത്യാനന്ദയെ പച്ചകുത്തി; ലൈംഗിക വേഴ്ചയുടെ ഇരയാക്കി; വെളിപ്പെടുത്തല്‍

ബെംഗളൂരു ആശ്രമത്തിലേക്ക് സ്ത്രീകളുടെ ഒഴുക്കായി. സുന്ദരിമാരായ സ്ത്രീകൾ എപ്പോഴും ചുറ്റിനും. ലോക മണ്ടത്തരങ്ങൾ അറിഞ്ഞുകൊണ്ട് തന്നെ പറഞ്ഞ് പ്രസിദ്ധനായി. അങ്ങനെ കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റി വേണ്ടവിധം മുതലെടുത്തു. മറ്റാർക്കും കിട്ടാത്ത ശ്രദ്ധ ഇതിലൂടെ നിത്യാനന്ദ നേടി. എപ്പോഴും സുന്ദരികളായ സ്ത്രീകളെ ഒപ്പം നിർത്തി മഠത്തിലേക്ക് ആളുകളെ ആകർഷിച്ചു. പണവും സ്വർണവും കുന്നുകൂടി. അതിനാെപ്പം നിയമവിരുദ്ധ പ്രവർത്തനങ്ങളും. ഒടുവിൽ ആശ്രമത്തിൽ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും സാമ്പത്തിക തട്ടിപ്പുകളും അടുപ്പക്കാർ തന്നെ പുറത്തുവിട്ടു. എന്നിട്ടും ഇതുവരെ നിയമത്തിനോ പൊലീസിനോ തൊടാൻ പറ്റാതെ, രാജ്യത്തെ നിയമവ്യവസ്ഥയെ ഇപ്പോഴും എവിടെയോ ഇരുന്ന് െവല്ലുവിളിക്കുന്നു നിത്യാനന്ദ.