ലോകത്തെങ്ങും ഭീതി പടർത്തുകയാണ് കൊറോണ വൈറസ്. ഇത് ചികിൽസിച്ചുമാറ്റാനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ് ആരോഗ്യശാസ്ത്ര രംഗം. ഈ സാഹചര്യത്തിൽ കൊറോണ വൈറസ് ബാധയ്ക്ക് വിചിത്രമായ പ്രതിവിധി നല്‍കി ഹിന്ദുമഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണ് മഹാരാജ്.

ഗോമൂത്രവും ചാണകവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണി മഹാരാജിന്റെ വാദം. വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയും. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തും. ചക്രപാണി വ്യക്തമാക്കിയതായി ഐഎഎന്‍എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു,

കൊറോണ വൈറസ് ബാധ ചികിൽസയെപ്പറ്റി പല തരത്തിലുള്ള വ്യാജപ്രചരണങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിലൊന്നും വിശ്വസിക്കരുതെന്ന് നിർദേശങ്ങൾ ഉണ്ട്. ലോകാരോഗ്യ സംഘടന അടക്കമുള്ളവ പുറപ്പെടുവിച്ച കൃത്യമായ മാർഗനിർദേശങ്ങൾ ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്.