പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ പിന്തുണച്ച് ഹിന്ദു മഹാസഭ. റാം ഭഗത് ഗോപാല്‍ ശര്‍മ നാഥൂറാം വിനായക് ഗോഡ്‌സെയെ പോലെ യഥാര്‍ഥ ദേശസ്‌നേഹിയാണെന്നാണ് ഹിന്ദുമഹാസഭയുടെ വാദം. ജാമിയ സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിച്ച ഈ പതിനേഴുകാരനായ വിദ്യാര്‍ഥിയെ കുറിച്ച് അഭിമാനം തോന്നുന്നുവെന്നും ആദരിക്കുമെന്നും ഹിന്ദുമഹാസഭ വ്യക്തമാക്കി.
ദേശവിരുദ്ധ പ്രവര്‍ത്തകര്‍ക്ക്് നേരെ വെടിയുതിര്‍ക്കുന്നത് പ്രശ്‌നമുള്ള കാര്യമല്ല. അലിഗഡ് സര്‍വകലാശാലയിലെ ഷെര്‍ജീല്‍ ഇമാമിനെപ്പോലെയുള്ള, ജവഹര്‍ലാല്‍ നെഹ്രുസര്‍വകലാശാലയിലെയും ഷഹിന്‍ബാഗിലെ സമരക്കാരും വെടിയേല്‍ക്കാന്‍ ആര്‍ഹതയുള്ളവരാണെന്നും ഹിന്ദുമഹാസഭാ നേതാവ് അശോക് പാണ്ഡെ പറഞ്ഞു. റാം ഭഗത് ഗോപാല്‍ ശര്‍മയ്ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുമെന്നും ഹിന്ദുമഹാസഭ അറിയിച്ചു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവച്ച പതിനേഴുകാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെന്നു സൂചന. പ്രതിയുടെ ഫെയ്സ്ബുക് പ്രൊഫൈലില്‍ ബിജെപി–ആര്‍എസ്എസ്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ബജ്റംഗ്ദള്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും, ആയുധങ്ങള്‍ കയ്യിലേന്തിയിരിക്കുന്ന ചിത്രങ്ങളും ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ അക്കൗണ്ട് ഫെയ്സ്ബുക് പിന്നീടു നീക്കം ചെയ്തിരുന്നു. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്നതിനു തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.