period-feast

ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായ ആയി ജനിക്കുമെന്ന പ്രസ്താവനയ്ക്ക് മറുപടി നല്‍കി ആര്‍ത്തവ സദ്യ ഒരുക്കി സച്ചി സഹേലി എന്ന സംഘടന. കഴിക്കാന്‍ നിര നിരയായി എത്തിയത് പ്രമുഖരും. 

ഗുജറാത്തിലെ വനിതാ കോളേജ് ഹോസ്റ്റലില്‍ ആര്‍ത്തമുണ്ടോ എന്നറിയാന്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയത് വന്‍ വിവാദമായിരുന്നു. തുടര്‍ന്നാണ് ഗജുറാത്തിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പുരോഹിതരിലൊരാളായ കൃഷ്ണസ്വരൂപ് ദാസ് വിവാദ പ്രസ്താവന നടത്തിയത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായയായി ജനിക്കുമെന്നായിരുന്നു വിവാദ പ്രസ്താവന. ഈ പുരോഹിതന്‍ പ്രവര്‍ത്തിക്കുന്ന സ്വാമി നാരായണ്‍ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലാണ് ഹോസ്റ്റലില്‍ വിവാദ നടപടി ഉണ്ടായത്.

ഹോസ്റ്റലില്‍ ആര്‍ത്തവ സമയത്ത് മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലായിരുന്നു. ചിലര്‍ ഈ നിബന്ധന ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് 60 കുട്ടികളെ ഹോസ്റ്റലില്‍ വസ്ത്രമഴിപ്പിച്ച് ജീവനക്കാര്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. പ്രതിഷേധമായി ഡല്‍ഹിയില്‍ ഞങ്ങള്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ എന്ന ഏപ്രണ്‍ ധരിച്ചാണ് ഇവര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഴുത്തുകാരിയായ കമല ഭാസിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ആര്‍ത്തവ സദ്യ കഴിക്കാന്‍ എത്തിയത്.