പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകര്‍ത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി സജ്ജമാക്കിയ രണ്ട് ബി-777 വിമാനങ്ങള്‍ ബോയിങ് സെപ്റ്റംബറില്‍ എയര്‍ ഇന്ത്യക്കു കൈമാറുമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിഐപി യാത്രയ്ക്കുള്ള വിമാനം ജൂലൈയില്‍ ലഭിക്കുമെന്നാണു കഴിഞ്ഞ ഒക്‌ടോബറില്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായതാണു വിമാനം കൈമാറുന്നതു വൈകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും വിമാനം പറത്തുക. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് ആകും വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുക. നിലവില്‍ 'എയര്‍ ഇന്ത്യ വണ്‍' എന്നറിയപ്പെടുന്ന ബി747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രമുഖനേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്പോള്‍ വാണിജ്യസര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുതുതായി എത്തുന്ന ബി777 വിമാനങ്ങള്‍ പ്രമുഖരുടെ യാത്രയ്ക്കു വേണ്ടി മാത്രമാവും ഉപയോഗിക്കുക.

രണ്ട് ബി777 വിമാനങ്ങളും 2018-ല്‍ കുറച്ചു മാസം എയര്‍ ഇന്ത്യയുടെ വാണിജ്യസര്‍വീസുകളുടെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് വിവിഐപി യാത്രയ്ക്കു സജ്ജമാക്കാനായി ബോയിങ്ങിനു തിരികെ നല്‍കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് പുതിയ വിമാനത്തില്‍ ഒരുക്കുന്നത്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷര്‍ (LAIRCM), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് (SPS), മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. 1434 കോടി (19 കോടി ഡോളര്‍) രൂപയ്ക്കാണ് യുഎസില്‍നിന്ന്് ഈ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നത്.

ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷര്‍ വലിയ വിമാനങ്ങളെ ഇന്‍ഫ്രാറെഡ് പോര്‍ട്ടബിള്‍ മിസൈലുകളില്‍നിന്നു സംരക്ഷിക്കും. വിമാനത്തിലുള്ളവര്‍ക്കു പെട്ടെന്നു തന്നെ കൃത്യമായ മുന്നറിയിപ്പു ലഭിക്കും. വിമാനത്തെ ലക്ഷ്യമാക്കിയെത്തുന്ന ഇന്‍ഫ്രാറെഡ് മിസൈലുകളെ കണ്ടെത്തി, മരവിപ്പിച്ച്, പ്രതിരോധിക്കാന്‍ മിസൈല്‍ വാണിങ് സെന്‍സറും ലേസര്‍ ട്രാന്‍സ്മിറ്റര്‍ അസംബ്ലിയും കണ്‍ട്രോള്‍ ഇന്റര്‍ഫെയ്‌സ് യൂണിറ്റും പ്രോസസറുമാണ് ഈ സംവിധാനത്തിലുള്ളത്.

വിമാനത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് എത്ര സെന്‍സറുകളും ട്രാന്‍സ്മിറ്റര്‍ അസംബ്ലികളും വേണമെന്നു നിശ്ചയിക്കുന്നത്. യുഎസ് ഡിഫന്‍സ് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 12 ഗാര്‍ഡിയന്‍ ലേസര്‍ ട്രാന്‍സ്മിറ്റര്‍ അസംബ്ലി, 8 ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷര്‍ സിസ്റ്റം പ്രൊസസര്‍ റീപ്ലെയ്‌സ്‌മെന്റ്്, 23 മിസൈല്‍ വാണിങ് സെന്‍സര്‍, 5 കൗണ്ടര്‍ മെഷന്‍ ഡിസ്‌പെന്‍സിങ് സിസ്റ്റം തുടങ്ങിയവയാണ് ഇന്ത്യയ്ക്കു നല്‍കിയിരിക്കുന്നത്.